സെന്‍ട്രല്‍ ആല്‍ബര്‍ട്ട ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; പതിനാറുകാരനെ അറസ്റ്റ് ചെയ്തു 

By: 600002 On: Apr 26, 2022, 7:37 AM

 


സെന്‍ട്രല്‍ ആല്‍ബെര്‍ട്ടയിലെ പീജിയണ്‍ ലേക്ക് റീജിയണല്‍ ഹൈസ്‌കൂളില്‍ സമപ്രായക്കാരനായ വിദ്യാര്‍ത്ഥിയെ കുത്തിപരുക്കേല്‍പ്പിച്ച പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

തിങ്കളാഴ്ച രാവിലെ 10.55 ഓടുകൂടിയാണ് സംഭവം നടന്നത്. സ്‌കൂളിലെ ലൈബ്രറിയുടെ സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിലേക്ക് നയിച്ചതിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. വിദ്യാര്‍ത്ഥികളും സ്‌കൂള്‍ സ്റ്റാഫും നോക്കിനില്‍ക്കെ പ്രതി വിദ്യാര്‍ത്ഥിയെ കുത്തുകയായിരുന്നു. വയറില്‍ ആഴത്തിലുള്ള മുറിവേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ എഡ്മന്റണിലെ ആശുപത്രിയില്‍ എത്തിച്ചു. വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പൂട്ടി ക്ലാസുകള്‍ റദ്ദാക്കുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത ആര്‍സിഎംപി കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അറിയിച്ചു. 

ചൊവ്വാഴ്ച സ്‌കൂളിന് അവധിയായിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്നും സ്‌കൂള്‍ സൂപ്രണ്ട് അറിയിച്ചു.