സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വാങ്ങാന്‍ ടെസ്ല കമ്പനി സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കരാറിലെത്തിയതായി റിപ്പോര്‍ട്ട്. 44 ബില്യണ്‍ യുഎസ് ഡോളറാണ് ട്വിറ്ററിന് മസ്‌ക് വിലയിട്ടത്. വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ ട്വിറ്റര്‍ സ്വകാര്യ കമ്പനിയാകും.
അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള സാധ്യത വേണ്ട വിധത്തില്‍ ട്വിറ്റര്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നതിനാലാണ് താന്‍ ഇ ഇടപാട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഇത് സ്വകാര്യ കമ്പനിയാകണമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്ന് യാഥാര്‍ത്ഥ്യമായത്. ഇടപാടിലൂടെ ട്വിറ്ററിലെ നിക്ഷേപകര്‍ക്കെല്ലാം ഒരോഹരിക്ക് 54.2 ഡോളര്‍ വീതം ലഭിക്കും. മസ്‌ക് ട്വിറ്ററില്‍ ഓഹരി വാങ്ങിയെന്ന് ആദ്യമായി പ്രഖ്യാപിച്ച ഏപ്രില്‍ ഒന്നിലെ ട്വിറ്ററിന്റെ ഓഹരി മൂല്യത്തേക്കാള്‍ 38 ശതമാനം അധികമാണിത്.
ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഐക്യകണ്‌ഠേന ഇടപാടിന് അംഗീകാരം നല്‍കി. ട്വിറ്ററിന്റെ ഓഹരി ഉടമകളില്‍ നിന്നും അധികൃതരില്‍ നിന്നുമുള്ള അനുമതികള്‍ ലഭിക്കുകയും മറ്റ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ 2022 ല്‍ തന്നെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.