അജ്ഞാത കരള്‍ രോഗം: ഒരു കുട്ടി മരിച്ചതായി ലോകാരോഗ്യ സംഘടന; രാജ്യങ്ങള്‍ അതീവജാഗ്രതയില്‍  

By: 600002 On: Apr 26, 2022, 6:43 AM

 

യൂറോപ്പിലും യുഎസിലും പടരുന്ന അജ്ഞാത കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു കുട്ടി മരിച്ചതായി ലോകാരോഗ്യ സംഘടന. ഇതോടെ മറ്റ് രാജ്യങ്ങളിലേക്കു കൂടി പടരുന്ന കുട്ടികളിലെ അജ്ഞാത കരള്‍ വീക്കം ലോകമെങ്ങും ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്. ഒരു കുട്ടി മരിച്ചെന്ന റിപ്പോര്‍ട്ടു കൂടി പുറത്തുവന്നതോടെ ആരോഗ്യ വിദഗ്ധരും ഗവേഷകരും കൂടുതല്‍ ജാഗ്രതയോടെയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏത് രാജ്യത്താണ് കുട്ടിയുടെ മരണം എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

ഒരു വയസ് മുതല്‍ 16 വയസ് വരെ പ്രായമുള്ള 169 ഓളം കുട്ടികളിലാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന കണക്കുകള്‍. ഇവരില്‍ ഏറെയും ബ്രിട്ടനിലുള്ളവരാണ്. 

കരളിനെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ ഇനം ഹെപ്പറ്റൈറ്റിസ് വകഭേദമാണ് ഇപ്പോള്‍ വ്യാപിക്കുന്നത്. സാധാരണ കണ്ടുവരുന്ന ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഡി,ഇ എന്നിവയില്‍ നിന്ന് വ്യത്യസ്തമാണിത്. പുതിയ വകഭേദത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനായി ശ്രമങ്ങളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിക്കുന്നു. 

ഒരു മരണത്തിന് പുറമെ, 17 ഓളം കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നിട്ടുണ്ട്. യുഎസിനും യൂറോപ്പിനും പുറമെ ഇസ്രയേല്‍, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്.