നാലംഗ ബഹിരാകാശ സംഘത്തെ വഹിച്ചുകൊണ്ട് ബഹിരാകാശനിലയത്തിലെത്തിയ സ്‌പേസ് എക്‌സ് ക്ര്യൂ ഡ്രാഗണ്‍ കാപ്‌സ്യൂള്‍ പത്ത് ദിവസത്തിനു ശേഷം തിരികെ ഭൂമിയിലേക്ക് യാത്രതിരിച്ചു. ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ പൂര്‍ണമായും സ്വകാര്യ ബഹിരാകാശ യാത്രാ ദൗത്യമാണിത്. യാത്രികര്‍ ആരും സര്‍ക്കാരിന്റെ കീഴിലുള്ള ബഹിരാകാശ യാത്രികരല്ല. പരീക്ഷണം വിജയിച്ചതോടെ ബഹിരാകാശ യാത്രാ രംഗത്ത് പുതുയുഗം കുറിക്കുകയാണ് സ്‌പേസ് എക്‌സ് ക്ര്യൂ.
ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി ആക്സിയം സ്പേസാണ് സ്വകാര്യ ബഹിരാകാശ യാത്രാ ദൗത്യത്തിന് പിന്നില്‍. ഏകദേശം 9:10 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും നാലംഗ സംഘം അണ്‍ഡോക്ക് ചെയ്തു. 16 മണിക്കൂര്‍ സമയമാണ് ഭൂമിയിലേക്കുള്ള യാത്ര്ക്ക് വേണ്ടിവരികയെന്ന് നാസ അറിയിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഫ്‌ളോറിഡ തീരത്ത് അറ്റ്‌ലാന്റിക്കിലേക്ക് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ യാത്രികരെയും വഹിച്ചുകൊണ്ട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമാന്‍ഡര്‍, മൈക്കല്‍ ലോപ്പസ് അലെഗ്രിയ, പൈലറ്റ് ലാരി കോണര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ എയ്ദന്‍ സ്റ്റെബ്, മാര്‍ക്ക് പാത്തി എന്നീ നാല് പേരാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂളിലെ യാത്രികര്‍. പത്ത് ദിവസത്തേക്കായിരുന്നു യാത്ര. ഇതില്‍ എട്ട് ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞു. കുറഞ്ഞ ദിവസത്തിനുള്ളില്‍ നിരവധി ഗവേഷണ ദൗത്യങ്ങളാണ് നാലംഗ സംഘം നടത്തിയത്.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു ആക്‌സിയം സ്‌പേസ്-1 ന്റെ വിക്ഷേപണം. തുടര്‍ന്ന് 21 മണിക്കൂറിനു ശേഷം പേടകം ബഹിരാകാശ നിലയത്തിലെത്തി.
ആക്‌സിയം ബഹിരാകാശ യാത്രക്ക് ഒരു സീറ്റിന് 50 മില്യണ്‍ മുതല്‍ 60 മില്യണ്‍ ഡോളര്‍ വരെയാണ് യാത്രികരില്‍ നിന്നും ഈടാക്കുന്നത്. ഈ ദൗത്യത്തിന് കമാന്‍ഡര്‍ ലോപ്പസ് അലെഗ്രിയ പണം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മറ്റ് മൂന്ന് പേരില്‍ ഓരോരുത്തരും സീറ്റിനായി ഏകദേശം 55 മില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്നാണ് സൂചന.