ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് അഭയാര്‍ത്ഥി പ്രവാഹം; കൈയയച്ച് സഹായം നല്‍കി ഇന്ത്യ 

By: 600002 On: Apr 25, 2022, 10:20 AM

 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. കഴിഞ്ഞ ദിവസം 15 അഭയാര്‍ത്ഥികള്‍ കൂടി തമിഴ്‌നാട് തീരത്തെത്തി. സ്ത്രീകളും നാല് കൈക്കുഞ്ഞുങ്ങളടക്കം പതിനഞ്ച് പേര്‍ രാമേശ്വരം ധനുഷ്‌കോടിയിലാണെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെയോടെയെത്തിയ ഇവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ശ്രിലങ്ക വിട്ട് ഇന്ത്യയിലേക്ക് അഭയംപ്രാപിക്കുന്നതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്നും മാര്‍ച്ച് 22 മുതല്‍ ഇതുവരെ 75 പേരാണ് കടല്‍ കടന്നെത്തിയത്. 

ഇതിനിടെ, ശ്രീലങ്കയ്ക്കുള്ള സഹായം ഇന്ത്യ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.  ശ്രീലങ്കയ്ക്ക് 3500 കോടിയുടെ കൂടി അടിയന്തര സഹായം അനുവദിക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. ഐഎംഎഫില്‍ നിന്ന് ലങ്ക സഹായം തേടിയിട്ടുണ്ടെങ്കിലും അത് കിട്ടാന്‍ ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ലങ്കന്‍ ധനമന്ത്രാലയം വ്യക്തമാക്കി. ഈ കാലയളവില്‍ ഇന്ധനം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വാങ്ങാനാണ് ഇന്ത്യയുടെ സഹായം ഉപയോഗിക്കുക.