മസ്‌കോക്ക അല്‍ഗോണ്‍ക്വിന്‍ ഹെല്‍ത്ത്കെയറില്‍ 14 മില്യണ്‍ ഡോളര്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Apr 25, 2022, 10:00 AM




മസ്‌കോക്കയിലെ ഹണ്ട്‌സ്‌വില്ലെ ഡിസ്ട്രിക്റ്റ് മെമ്മോറിയല്‍, സൗത്ത് മസ്‌കോക്ക മെമ്മോറിയല്‍ എന്നീ രണ്ട് ആശുപത്രികള്‍ നവീകരിക്കുന്നതിനും വികസനത്തിനുമായി 14 മില്യണ്‍ ഡോളര്‍ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ഒന്റാരിയോ സര്‍ക്കാര്‍. ഞായറാഴ്ച, ഡെപ്യൂട്ടി പ്രീമിയറും ആരോഗ്യമന്ത്രിയുമായ ക്രിസ്റ്റിന്‍ എലിയട്ടിനൊപ്പം പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പദ്ധതി പ്രഖ്യാപനം നടത്തി. രണ്ട് ആശുപത്രികളുടെ പുനര്‍വികസനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ധനസഹായം മസ്‌കോക്ക അല്‍ഗോണ്‍ക്വിന്‍ ഹെല്‍ത്ത്‌കെയറിലേക്കാണ് നിക്ഷേപിക്കുക. 

പദ്ധതിപ്രകാരം നിക്ഷേപ തുക വിനിയോഗിച്ച് രണ്ട് ആശുപത്രികളിലുമായി ഏകദേശം 50 ഓളം കിടക്കകള്‍ അധികമായി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ മസ്‌കോക്ക അല്‍ഗോണ്‍ക്വിന്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ 140 ഓളം കിടക്കകള്‍ ലഭ്യമാകും. മേഖലയില്‍ 141,000 ത്തിലധികം വരുന്ന റെസിഡന്റ്‌സിന് ആരോഗ്യപരിപാലനം ഉറപ്പാക്കാനും ഇതുവഴി സാധിക്കും. 

ഘട്ടംഘട്ടമായാണ് പുനര്‍വികസനം സാധ്യമാക്കുക. പദ്ധതി നിലവില്‍ പ്ലാനിംഗ് പ്രോസസിലാണ്. നേരത്തെ, 2021 ല്‍ മസ്‌കോക്ക അല്‍ഗോണ്‍ക്വിന്‍ ഹെല്‍ത്ത്‌കെയറിന് പ്രവര്‍ത്തന ചെലവിലേക്കായി 1.7 മില്യണ്‍ ഡോളര്‍ പ്രവിശ്യാ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.