ഫ്രാന്‍സില്‍ രണ്ടാം വട്ടവും ഇമ്മാനുവല്‍ മക്രോണിന് തകര്‍പ്പന്‍ വിജയം. 58.2 ശതമാനം വോട്ടോടെ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ നേതാവ് മറൈന്‍ ലെ പെന്നിനെയാണ് മാക്രോണ്‍ പരാജയപ്പെടുത്തിയത്. 41.8 ശതമാനം വോട്ട് മാത്രമാണ് മറൈന്‍ ലെ പെന്‍ നേടിയത്. 20 വര്‍ഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടം ഇതോടെ ഇമ്മാനുവല്‍ മാക്രോണ്‍ സ്വന്തമാക്കിയിരിക്കുകയാണ്. മെയ് 13ന് പ്രസിഡന്റായി മാക്രോണ്‍ ചുമതലയേല്‍ക്കും.
എതിര്‍ സ്ഥാനാര്‍ത്ഥി 53കാരിയായ പെന്‍ 2017ലും രണ്ടാം റൗണ്ടില്‍ മാക്രോണിനോട് ഏറ്റുമുട്ടിയിരുന്നു. ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ലാ റിപ്പബ്ലിക് ഓണ്‍ മാര്‍ഷ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഇമ്മാനുവല്‍ മാക്രോണ്‍.
മാക്രോണിനെ അഭിനന്ദിച്ച് ലോകനേതാക്കള്‍ രംഗത്തെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ മാക്രോണിന് ആശംസകള്‍ നേര്‍ന്നു. ഇമ്മാനുവല്‍ മാക്രോണിന്റെ വിജയം യൂറോപ്പിന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി പ്രസ്താവനയില്‍ പറഞ്ഞു.