ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ ദശലക്ഷകണക്കിന് ഡോളര്‍ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ റോയല്‍ ബാങ്ക് ഓഫ് കാനഡയിലെ(ആര്‍ബിസി)മുന്‍ ബിസിനസ് മാനേജര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കുറ്റം ചുമത്തി. ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസിന്റെ സീരിയസ് ഫ്രോഡ് ഓഫീസ് (എസ്എഫ്ഒ) നടത്തിയ ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏകദേശം 10.5 മില്യണ്‍ ഡോളറിന്റെ വായ്പാ തട്ടിപ്പാണ് സംഘം ആസൂത്രണം ചെയ്ത് നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
2021 ജനുവരിയിലാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ജിടിഎ സ്വദേശികളായ ഡില്ലണ്‍ നാനവതി(37), ആകാഷ് മോഹന്‍(25), നിക്ക്‌സെയ്ന്‍ കാലൈമതിയന്‍(29), ജോണിസ്റ്റന്‍ അമൃതരത്‌നം(26) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാനഡയിലെ ക്രിമിനല്‍ കോഡ് പ്രകാരം 5,000 ഡോളറില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. വ്യാജരേഖ ചമച്ചതിന് നാനാവതിക്കെതിരെ അധിക കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം, കുറ്റങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല.
മുന്‍ ബിസിനസ് മാനേജരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഗവണ്‍മെന്റ് ഗ്യാരണ്ടീഡ് ലോണുകള്‍ക്ക് കൃത്യമായി അപേക്ഷിക്കാന്‍ അറിയാത്തവരെ സഹായിക്കാന്‍ മുന്‍ മാനേജര്‍ മറ്റ് അസോസിയേറ്റ്‌സിനെ ഏര്‍പ്പാടാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനായി വ്യാജ ബാങ്ക് രേഖകള്‍ ഉണ്ടാക്കി. വായ്പ സ്വീകരിക്കുമെന്ന് ഉറപ്പാക്കാന്‍ വ്യാജ ലീസ് എഗ്രിമെന്റുകളും ഇന്‍വോയ്‌സുകളും ഉണ്ടാക്കി. തുടര്‍ന്ന് അംഗീകൃത വായ്പ അനുവദിക്കുകയും ഇതില്‍ നിന്നുള്ള ഫണ്ടുകള്‍ മാനേജരുമായി നേരിട്ട് ബന്ധപ്പെട്ട നിരവധി വെണ്ടര്‍മാര്‍ക്ക് വിതരണം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.