ഒന്റാരിയോയില്‍ ഏറ്റവും വലിയ സ്വകാര്യ വന സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നു 

By: 600002 On: Apr 25, 2022, 6:31 AM


കനേഡിയന്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും വലിയ സ്വകാര്യ വന സംരക്ഷണ പദ്ധതി ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ഒന്റാരിയോയിലാണ് ബോറിയല്‍ വൈല്‍ഡ്‌ലാന്റ് പ്രോജക്ട്(Boreal Willdlands Project)  എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഒന്റാരിയോ, കാനഡ പരിസ്ഥിതി മന്ത്രിമാരോടൊപ്പം നാഷണല്‍ കണ്‍സര്‍വേന്‍സി ഓഫ് കാനഡയിലെ (എന്‍സിസി) അംഗങ്ങളും ചേര്‍ന്ന് വെള്ളിയാഴ്ചയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. ഹേര്‍സ്റ്റിനടുത്ത് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യം. 

ഈ വര്‍ഷം തങ്ങള്‍ ഭൗമദിനം പ്രത്യേക പ്രഖ്യാപനത്തോടൊപ്പമാണ് ആഘോഷിക്കുന്നതെന്ന് എന്‍സിസി പ്രസിഡന്റ് കാതറിന്‍ ഗ്രനിയര്‍ പറഞ്ഞു. ഇത് ധീരമായ ഒരു പ്രഖ്യാപനമാണ്. കാനഡയിലെ നേച്ചര്‍ കണ്‍സര്‍വന്‍സി ഇതുവരെ ഏറ്റെടുത്തതില്‍ വെച്ച് ഏറ്റവും വലിയ പദ്ധതിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


നൂറിലധികം തടാകങ്ങളും 1,300 കിലോമീറ്റര്‍ നദികളും അരുവികളും തീരവും പദ്ധതി ഏറ്റെടുക്കുന്നു. വന സമ്പത്തും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതിക്ക് ഏകദേശം 1,500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. മോണ്‍ട്രിയലിന്റെ മൂന്നിരട്ടിയും വാന്‍കൂവറിന്റെ 12 മടങ്ങും ടൊറന്റോയുടെ ഇരട്ടി വലിപ്പവുമുള്ള പ്രദേശമാണിതെന്ന് ഗ്രെനിയര്‍ പറഞ്ഞു.

വനമേഖലയിലെ ഭീമന്‍ ഡോംതാര്‍ എന്‍സിസിക്ക് കിഴിവ് നിരക്കില്‍ വില്‍ക്കാന്‍ തീരുമാനിച്ച വനഭൂമിയാണ് ഇത്. 46-മില്യണ്‍ ഡോളര്‍ പദ്ധതിച്ചെലവിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇത് സമാഹരിച്ചു. ഇനി ഏകദേശം 13 ദശലക്ഷം ഡോളര്‍ ബാക്കിയുണ്ട്.

ഒന്റാരിയോയില്‍ ഞങ്ങളുടെ പള്‍പ്പ്, പേപ്പര്‍ മില്ലുകള്‍ എന്നിവയ്ക്കായി മരം ഉല്‍പ്പാദിപ്പിക്കാന്‍ ഭൂമി ഉപയോഗിച്ചിട്ടുണ്ടെന്ന് ഡോംതാര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് റോബ് മെല്‍ട്ടണ്‍ പറഞ്ഞു. 

ഏകദേശം 800 കിലോമീറ്റര്‍ ഭൂമി ഇതിനകം എന്‍സിസി സംരക്ഷിച്ചിട്ടുണ്ട്. ഇനി പദ്ധതിയില്‍ 650 കിലോമീറ്റര്‍ ബാക്കിയുണ്ട്. അത് ഈ വര്‍ഷാവസാനം കൂട്ടിച്ചേര്‍ക്കുമെന്ന് എന്‍സിസി അധികൃതര്‍ അറിയിച്ചു.