ജപ്പാനിൽ 26 പേരുമായി പോയ ടൂർ ബോട്ട് മുങ്ങി 10 മരണം 

By: 600007 On: Apr 24, 2022, 9:15 PM

ടോക്കിയോ - വടക്കൻ ജാപ്പനീസ് നാഷണൽ പാർക്കിന്റെ അടുത്തുള്ള കടലിൽ 26 പേരുമായി ടൂർ ബോട്ട് മുങ്ങി 10 പേർ മരിച്ചു. ജപ്പാനിലെ ഷിറെറ്റോക്കോ പെനിൻസുലയുടെ പടിഞ്ഞാറൻ തീരത്ത് യാത്ര ചെയ്യുന്നതിനിടെ 19 ടൺ ഭാരമുള്ള കാസു 1 എന്ന ക്രൂയിസ് ബോട്ടാണ് അപകടത്തിൽ പെട്ടത്.  രണ്ട് ജീവനക്കാരും കുട്ടികളുൾപ്പെടെ 26 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഏഴ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 10 പേരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. 

 ശനിയാഴ്ച ഉച്ചയോടെ ബോട്ട് മുങ്ങുകയാണെന്ന് അറിയിച്ച് അപകട സന്ദേശം കോസ്റ്റ് ഗാർഡിന് ലഭിച്ചത്. കശുനി വെള്ളച്ചാട്ടത്തിന് സമീപമുള്ള ബോട്ട് മുങ്ങിയ സ്ഥലം പാറകൾ നിറഞ്ഞ തീരപ്രദേശവും ശക്തമായ വേലിയേറ്റവും കാരണം ബോട്ടുകൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ഥലമായാണ് അറിയപ്പെടുന്നത്. ശനിയാഴ്ചത്തെ മോശം കാലാവസ്ഥയെ അവഗണിച്ച് എങ്ങനെയാണ് ഇവർക്ക് ഈ സ്ഥലത്തേയ്ക്ക് പോകുവാൻ അനുമതി ലഭിച്ചതെന്ന് വ്യക്തമല്ല. 

കഴിഞ്ഞ വർഷം മെയ് മാസത്തിലും ജൂണിലും ഇവരുടെ ബോട്ടുകൾ അപകടത്തിൽ പെട്ടിരുന്നു.  സുരക്ഷാ അനാസ്ഥയാണ് അപകടത്തിന്റെ പ്രാഥമിക കാരണമായി വിലയിരുത്തപ്പെടുന്നത്.