കാനഡ ഗവണ്മെന്റിന്റെ ഇലക്‌ട്രിക് വാഹന റിബേറ്റ് ഇനി മുതൽ ട്രക്കുകൾക്കും, എസ്‌യുവികൾക്കും

By: 600007 On: Apr 23, 2022, 8:28 PM

 

കാനഡ ഫെഡറൽ ഗവൺമെന്റ് ഇലക്‌ട്രിക് വാഹന റിബേറ്റ് ലഭിക്കുന്ന വാഹനങ്ങളുടെ പരമാവധി യോഗ്യതാ വില അടുത്ത ആഴ്ച മുതൽ ഉയർത്തുന്നതിനാൽ, തിങ്കളാഴ്ച മുതൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഗവണ്മെന്റ് റിബേറ്റുകൾ ലഭിക്കും.

തിങ്കളാഴ്ച മുതൽ അടിസ്ഥാന വില (base price) 55,000 ഡോളറും ഓപ്‌ഷനുകളോടു കൂടി പരമാവധി വില 65,000 ഡോളറും വരെയുള്ള ഇലക്ട്രിക് കാറുകൾക്ക് റിബേറ്റ് ലഭിക്കുമെന്ന് ഗതാഗത മന്ത്രി ഒമർ അൽഗബ്ര പറഞ്ഞു. പരമാവധി അടിസ്ഥാന വില 60,000 ഡോളർ വരുന്ന ( ഓപ്‌ഷനുകളോടു കൂടി പരമാവധി വില 70,000 ഡോളർ)  എസ്‌യുവികൾ, പിക്കപ്പ് ട്രക്കുകൾ, വാനുകൾ എന്നിവയ്ക്കും ഗവൺമെൻറ് റിബേറ്റ് ലഭിക്കും.

കുറഞ്ഞത് 50 കിലോമീറ്ററിൽ കുറയാത്ത ഇലക്ട്രിക് റേഞ്ചുള്ള വാഹനങ്ങൾക്ക് 5,000 ഡോളറും അതിൽ കുറഞ്ഞ ഇലക്‌ട്രിക് റേഞ്ചുള്ള വാഹനങ്ങൾക്ക് 2,500 ഡോളറുമാണ് റിബേറ്റായി ലഭിക്കുക. 

2019-ൽ ആരംഭിച്ച ഗവണ്മെന്റിന്റെ സീറോ എമിഷൻ വെഹിക്കിൾ പ്രോഗ്രാം ഇൻസെന്റീവുകൾ വഴി ഏകദേശം 141,000-ലധികം വാഹനങ്ങൾക്കാണ് ഇത് വരെ ഇളവുകൾ ലഭിച്ചിട്ടുള്ളത്. 2021-ൽ രജിസ്‌റ്റർ ചെയ്‌ത പുതിയ 20 വാഹനങ്ങളിൽ ഒന്ന് ബാറ്ററി-ഇലക്‌ട്രിക് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് ആയിരുന്നു. 2026 അവസാനത്തോടെ ഇത് അഞ്ചിൽ ഒന്നായി എത്തിക്കാനാണ് കാനഡ ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.