2019 ല്‍ ജപ്പാനില്‍ അറസ്റ്റിലായി തുടര്‍ന്ന് ലെബനനിലേക്ക് പലായനം ചെയ്ത നിസാന്‍, റെനോള്‍ട്ട് കമ്പനികളുടെ മുന്‍ മേധാവി കാര്‍ലോസ് ഗോസിനെതിരെ ഫ്രാന്‍സ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നിസാന്‍ മോട്ടോഴ്സ് ചെയര്‍മാനായിരിക്കെ നടന്ന സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് 2018 ലാണ് കാര്‍ലോസ് ഗോസ് ജപ്പാനില്‍ അറസ്റ്റിലാവുന്നത്. കടുത്ത വ്യവസ്ഥകളോടെ ജാമ്യത്തില്‍ കഴിഞ്ഞ കാര്‍ലോസ് എങ്ങനെ ജപ്പാനില്‍ നിന്ന് പുറത്തുകടന്നുവെന്നത് വ്യക്തമായിരുന്നില്ല.
കള്ളപ്പണം വെളുപ്പിക്കലും കമ്പനിയുടെ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്തു എന്ന ആരോപണവുമായി ബന്ധപ്പെട്ട് 2019 ല്‍ ആരംഭിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിസ്സാന്‍, റെനോ എന്നിവയുടെ മുന്‍ മേധാവിക്കും മറ്റ് നാല് പേര്‍ക്കും വാറണ്ട് പുറപ്പെടുവിച്ചതെന്ന് പാരീസ് നാന്ററെയിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. റെനോ-നിസാന്‍ സഖ്യവും ഒമാനിലെ വാഹന വിതരണ കമ്പനിയായ സുഹൈല്‍ ബഹ്വാന്‍ ഓട്ടോമൊബൈല്‍സും (എസ്ബിഎ) തമ്മില്‍ നടത്തിയ സംശയാസ്പദമായ ദശലക്ഷക്കണക്കിന് ഡോളറുകളുടെ പണമിടപാടുകള്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലെബനീസ് വംശജരായ ദമ്പതികളുടെ മകനായി 1954 ല്‍ ബ്രസീലില്‍ ജനിച്ച കാര്‍ലോസിന് ലെബനോന്‍, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ പൗരത്വമുണ്ട്. പ്രമുഖ ടയര്‍ കമ്പനിയായ മിഷലിന്‍, ഫ്രഞ്ച് കാര്‍ കമ്പനിയായ റെനോ, ജപ്പാന്‍ കമ്പനിയായ നിസാന്‍ എന്നീ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിട്ട സമയങ്ങളില്‍ ഏറ്റെടുത്ത് ലാഭത്തിലാക്കിയാണ് വ്യവസായിക ലോകത്ത് കാര്‍ലോസ് ഗോസ് ശ്രദ്ധേയനായത.്