കാനഡയില്‍ ആറാം തരംഗം നേരിടുന്ന സാഹചര്യത്തില്‍ ഒന്റാരിയോയില്‍ മാസ്‌ക് മാന്‍ഡേറ്റ് ജൂണ്‍ വരെ നീട്ടുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 11 വരെയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.
പൊതുഗതാഗത സംവിധാനം, ഹെല്‍ത്ത് കെയര്‍ സെറ്റിംഗുകള്‍, ലോംഗ് ടേം കെയര്‍ ഹോമുകള്‍ തുടങ്ങിയ മേഖലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്ന നിയമം ഏപ്രില്‍ 27 ന് അവസാനിക്കാനിരിക്കുകയായിരുന്നു. കോവിഡ് കേസുകള്‍ ഉയരുകയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാസ്‌ക് മാന്‍ഡേറ്റ് നീട്ടുകയാണെന്ന് വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പൊതുഇടങ്ങളിലും സമ്പര്‍ക്ക സാധ്യത ഉള്ളയിടങ്ങളിലും മാസ്‌ക് ധരിക്കുന്നതും വാക്‌സിനേഷന്‍ സ്വീകരിക്കുന്നതും കോവിഡ്-19 ല്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളാണെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു.
ആള്‍ക്കൂട്ട നിയന്ത്രണം, പബ്ലിക് സെറ്റിംഗ്‌സിലെ മാസ്‌കിംഗ്, വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ രേഖ ഹാജരാക്കല്‍ തുടങ്ങിയ മറ്റ് മാനദണ്ഡങ്ങള്‍ പ്രവിശ്യയില്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ റിട്ടയര്‍മെന്റ് ഹോമുകള്‍, ഷെല്‍ട്ടറുകള്‍, മറ്റ് കോണ്‍ഗ്രഗേറ്റ് കെയര്‍ സെറ്റിംഗുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളില്‍ ജൂണ്‍ 11 വരെ മാസ്‌ക് നിര്‍ബന്ധമാണ്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ച പ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും മറ്റ് ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും മാസ്‌ക് മാന്‍ഡേറ്റ് ഏപ്രില്‍ 27 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇവര്‍ക്കും ജൂണ്‍ വരെ മാസ്‌ക് മാന്‍ഡേറ്റ് തുടരും.