ആല്‍ബെര്‍ട്ടയില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ 

By: 600002 On: Apr 23, 2022, 10:02 AM

 

ആല്‍ബെര്‍ട്ടയില്‍ രണ്ട് വര്‍ഷത്തിനു ശേഷം ഇന്‍ഫ്‌ളുവന്‍സ(പകര്‍ച്ചപ്പനി, ജലദോഷം) കേസുകളില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം 20 ലാബ്-കണ്‍ഫേമ്ഡ് കേസുകളില്‍ നിന്ന് മൊത്തം 460 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആല്‍ബെര്‍ട്ടയിലെ ആരോഗ്യമേഖല പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ രണ്ട് കേസുകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കേസാണ്. 

ആഴ്ചകളായി വര്‍ധിച്ചുവരുന്ന ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ക്ക് കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ആളുകളുടെ സമ്പര്‍ക്കം വര്‍ധിച്ചുവെന്നതും ഔട്ട്‌ഡോര്‍ പരിപാടികളില്‍ കൂടുതലായി പങ്കെടുക്കുന്നതാണെന്നുമാണ്. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ കാരണമാകുന്നു. കൂടാതെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നതും ഇതിന് കാരണമായി. 

കഴിഞ്ഞ സീസണില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളും ജലദോഷപ്പനികളും കുറവായിരുന്നു. കൂടാതെ പ്രവിശ്യയില്‍ 1.2 ദശലക്ഷത്തിലധികം ഡോസ് ഇന്‍ഫ്‌ളുവന്‍സ വാക്‌സിനും നല്‍കിയിരുന്നു. ആല്‍ബെര്‍ട്ടയില്‍ 27.3 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.