ഡാളസിൽ മധ്യവയസ്കയുടെ മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി  

By: 600084 On: Apr 23, 2022, 8:07 AM

പി.പി.ചെറിയാൻ, ഡാളസ് 

 ഡാളസ്: ഡങ്കൻവില്ലയിൽ നിന്നും കാണാതായ ജുനിത റോഡ്രിഗ്രസ്സിന്റെ ( 54) മൃതദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ഡാളസിൽ നിന്നും കണ്ടെത്തിയതായി ഡാളസ് പോലീസ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് 65 വയസ്സുള്ള ക്ലിന്റൺ ജോൺസൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചാർജ് ചെയ്ത് ഡാളസ് കൗണ്ടി ജയിലിൽ അടച്ചു. 1,500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 

കഴിഞ്ഞ ശനിയാഴ്ച് ഡങ്കൻവില്ലയിലെ ജുനിത റോഡ്രിഗ്രസ്സിന്റെ വീട്ടിൽ നിന്നാണ് ഇവരെ കാണാതായതെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. ഇവർ സാധാരണ വീട്ടിൽ നിന്നും പോകുക പതിവാണെന്നും പിറ്റേ ദിവസം തിരിച്ചെത്താറുണ്ടെന്നും വീട്ടുകാർ പറഞ്ഞു. 

ഏപ്രിൽ 18,19 ദിവസങ്ങളിൽ അവർ ജോലിക്ക് ഹാജരാകേണ്ടതായിരുന്നു. ഇവരെ കാണാതായി മൂന്നും ദിവസത്തിന് ശേഷം ഇവരുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെസ്റ്റ് ഡാളസിലെ നാവി അവന്യുവിൽ കണ്ടെത്തിയിരുന്നു. ബുധനാഴ്ച് വൈകിട്ട് റോഡ്രിഗ്രസ്സിന്റെ വീട്ടിൽ നിന്നും മൂന്ന് മൈൽ അകലെ സൗത്ത് ലഡ് ബെറ്റർ ഡ്രൈവിൽ ഇവരുടെ ശരീരം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ വെടിയേറ്റാണ് ഇവർ മരിച്ചതെന്ന് കണ്ടെത്തി.

കൊല്ലപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചോ, അറസ്റ്റ് ചെയ്ത പ്രതിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഡാളസ് പോലീസിനെയോ ഡിറ്റക്റ്റീവ് ജോൺ ജാൾഡസിനെയോ (2146713623) ബന്ധപ്പെടുവാൻ പോലീസ് അഭ്യർത്ഥിച്ചു.