ഓട്ടവയില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതിക്ക് ഏഴ് വര്‍ഷം തടവ് 

By: 600002 On: Apr 23, 2022, 8:06 AM

 

ഓട്ടവയിലെ ഡെന്റല്‍ ക്ലിനിക്കിലും മെഡിക്കല്‍ ക്ലിനിക്കിലും നഴ്‌സായി ആള്‍മാറാട്ടം നടത്തി രോഗികളെ ചികിത്സിച്ച യുവതിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ക്യുബെക്കിലെ ഗാറ്റിനോ സ്വദേശിനിയായ ബ്രിജിറ്റ് ക്ലെറോക്‌സിനെയാണ് ഓട്ടവ കോടതി ശിക്ഷിച്ചത്. 

ക്ലെറോക്‌സിനെതിരെ വഞ്ചന, ആള്‍മാറാട്ടം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ ചെലവഴിച്ചതിനാല്‍ ക്ലെറോക്‌സിന് അഞ്ച് വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. 

ഓട്ടവയില്‍ ജോലി തേടാന്‍ വാന്‍കൂവറില്‍ ജോലി ചെയ്യുന്ന ഒരു യഥാര്‍ത്ഥ നഴ്സിന്റെ പേര് ക്ലെറോക്സ് ഉപയോഗിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ അറിയിച്ചു. 2021 ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ ഒട്ടാവ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ക്ലെറോക്‌സ് ജോലി ചെയ്തു. അവിടെ രോഗികള്‍ക്ക് കുത്തിവയ്പ്പ് നല്‍കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു.  
ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന മറ്റൊരു നഴ്‌സിന് ക്ലെറോക്‌സിന്റെ രോഗീ പരിചരണത്തില്‍ സംശയം തോന്നിയതോടെയാണ് ക്ലെറോക്‌സ് ആള്‍മാറാട്ടം നടത്തുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. 

ഇതിനിടയില്‍ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ നഴ്‌സായി ക്ലെറോക്‌സിന് ജോലി ലഭിച്ചു. 

2021 ഓഗസ്റ്റ് 23 ന് ആദ്യ ക്ലിനിക്കില്‍ ജോലി ചെയ്തതിന്റെ ശമ്പളം വാങ്ങാന്‍ മടങ്ങിപ്പോയപ്പോഴാണ് ക്ലെറോക്‌സ് പോലീസ് പിടിയിലാകുന്നത്.