യു.എസിലെ ഡാലസ് കൗണ്ടിയിൽ കൊറോണ വൈറസിന് ഗ്രീൻ സിഗ്നൽ 

By: 600084 On: Apr 23, 2022, 7:43 AM

പി.പി.ചെറിയാൻ, ഡാളസ് 

 ഡാലസ് ∙ കോവിഡ് കേസുകളെ സംബന്ധിച്ച് അമേരിക്കയിലെ ശ്രദ്ധാ കേന്ദ്രമായി മാറിയ ഡാളസ് കൗണ്ടിയിൽ നിന്നും കൊറോണ വൈറസ് പൂർണമായും മാറി സാധാരണ നിലയിലായതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ് അറിയിച്ചു. നോർത്ത് ടെക്സസിലെ ജനങ്ങൾ വളരെ വിവേകപൂർവ്വം പ്രവർത്തിച്ചതാണു കോവിഡ് വൈറസിനെ ഇവിടെ നിന്നു പൂർണ്ണമായും അകറ്റിാൻ സഹായിച്ചതെന്നു ജഡ്ജി ചൂണ്ടിക്കാട്ടി.

കോവിഡ് 19 നാലു റിസ്ക്ക് ലവലുകളാണ് ദേശീയതലത്തിൽ പ്രഖ്യാപിക്കപ്പെട്ടത്. അതിൽ റെഡ്, ഓറഞ്ച്, മഞ്ഞ, ഗ്രീൻ എന്നിവ ക്രമമായി രേഖപ്പെടുത്തിയിരുന്നു. റെഡ് ഏറ്റവും ഉയർന്ന ലവലും ഗ്രീൻ നോർമലിനേയുമാണു ചൂണ്ടിക്കാണിക്കുന്നത്. പാൻഡമിക്ക് ആരംഭിച്ച ശേഷം ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചതെന്നു ജഡ്ജി പറഞ്ഞു.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോവിഡിനെതിരെ സ്വീകരിച്ച പല തീരുമാനങ്ങളും ഡാലസ് കൗണ്ടിയെ സംബന്ധിച്ചു വിവാദമായിരുന്നു.അമേരിക്കയിൽ ടെക്സസ് സംസ്ഥാനത്തു കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 88,199 ഉം ഡാലസ് കൗണ്ടിയിൽ 6752ഉം ആയിരുന്നു.

കൗണ്ടി ജഡ്ജി കോവിഡ് വ്യാപനം കുറയ്ക്കുവാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതു ശക്തമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അമേരിക്കയിൽ കോവിഡ് മൂലം മരിച്ചവരുടെ ആകെ സംഖ്യ 9,90,000 ആണ്.