ഷിക്കാഗോയിൽ കാറപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് മരണം

By: 600084 On: Apr 23, 2022, 7:15 AM

പി.പി.ചെറിയാൻ, ഡാളസ് 

 ഷിക്കാഗോ∙ ഷിക്കാഗോയിൽ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മൂന്നു വിദ്യാർഥികളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഒരു ഇന്ത്യൻ വിദ്യാർഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെലങ്കാനയിൽ നിന്നുള്ളവരാണിവർ.

കാർബൻഡയ്ൽ സതേൺ യൂണിവേഴ്സിറ്റി കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ പവൻ സ്വർണ(23), വംഷി കെ. പിച്ചെട്ടി(23) എന്നിവരും  ഡ്രൈവർ മിസ്സോറിയിൽ നിന്നുള്ള മേരി മ്യൂണിയറുമാണു (32) മരിച്ചത്.  മൂവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. യശ്‌വന്ത്(23), കല്യാൺ ഡോർന്ന(24), കാർത്തിക് (23) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ കാർത്തിക്കിന്റെ പരുക്ക് ഗുരുതരമാണ്. അപകടത്തിൽ മരിച്ച വിദ്യാർഥികളോടുള്ള ആദരസൂചകമായി ക്യാംപ‌സ് ലേക്കിനു സമീപമുള്ള ബെക്കർ പവിലിയനു മുമ്പിൽ വെള്ളിയാഴ്ച വൈകിട്ടു പ്രാർഥന സംഘടിപ്പിച്ചു.

ഏപ്രിൽ 21 വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.വന്നിടിച്ച കാർ ഓടിച്ചിരുന്ന ഡ്രൈവർക്കു വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു പൊലിസ് പറയുന്നു. 

സമർത്ഥരായ വിദ്യാർഥികളുടെ ആകസ്മിക വിയോഗത്തിൽ യൂണിവേഴ്സിറ്റി ചാൻസലർ ഓസ്റ്റിൻ എ. വെയ്ൻ അനുശോചനം അറിയിച്ചു.