കാനഡയില്‍ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും തിങ്കളാഴ്ച മുതല്‍ കോവിഡ്-19 യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് 

By: 600002 On: Apr 23, 2022, 7:11 AM

കാനഡയിലെത്തുന്ന വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കുട്ടികള്‍ക്കും (അവരുടെ വാകിസനേഷന്‍ നില പരിഗണിക്കാതെ) കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. 

വെള്ളിയാഴ്ച പബ്ലിക് ഹെല്‍ത്ത് ഏജന്‍സി(പിഎച്ച്എസി) പ്രഖ്യാപിച്ച മാറ്റങ്ങളില്‍ സുപ്രധാനമായത്, കാനഡയില്‍ പ്രവേശിക്കുന്നതിന് പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്ത രക്ഷിതാവിനൊപ്പമുള്ള അഞ്ച് വയസ്സ് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള വാക്‌സിനേഷന്‍ എടുക്കാത്തതോ പൂര്‍ത്തിയാക്കത്തതോ ആയ കുട്ടികള്‍ക്ക് പ്രീ-എന്‍ട്രി കോവിഡ്-19 ടെസ്റ്റ് പൂര്‍ത്തിയാക്കേണ്ടതില്ലെന്നതാണ്. എന്നാല്‍ വാക്‌സിന്‍ എടുത്തതോ എടുക്കാത്തതോ ആയ 12 വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ക്ക് പ്രീ-എന്‍ട്രി ടെസ്റ്റ് അനിവാര്യമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ പ്രവേശിക്കുമ്പോള്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല. 

പൂര്‍ണമായും വാക്‌സിനെടുത്ത കനേഡിയന്‍ പൗരന്മാര്‍ക്ക് വിദേശത്ത് നിന്നും മടങ്ങിവന്നതിന് ശേഷം 14 ദിവസത്തേക്ക് പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല. 

ഫെഡറല്‍ സംവിധാനങ്ങളായ വിമാന, ട്രെയിന്‍ യാത്രകള്‍ നടത്തുന്നവര്‍ അവരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് നോക്കാതെ യാത്രയിലുടനീളം മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്.