505 ദിവസം കോവിഡ് പോസിറ്റീവ്; ദൈര്‍ഘ്യമേറിയ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് യുകെ പൗരന് 

By: 600002 On: Apr 23, 2022, 6:36 AM

 

കോവിഡ് രണ്ടും മൂന്നും തവണയല്ല കഴിഞ്ഞ ഒന്നര വര്‍ഷമായി യുകെയിലുള്ള ഒരാള്‍ പോസിറ്റീവായി തുടരുകയാണ്. ഇത് വൈദ്യശാസ്ത്ര ലോകത്തില്‍ തന്നെ അമ്പരപ്പുണ്ടാക്കിയിരിക്കുന്നത്. 

ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ കോവിഡ് അണുബാധയാണിതെന്ന് ഗൈഡ് ആന്‍ഡ് സെന്റ് തോമസ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ.ലൂക്ക് ബ്ലാഗ്ഡണ്‍ സ്‌നെല്‍ പറയുന്നു. 

ഇതിനുമുമ്പ് പിസിആര്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ കേസ് 335 ദിവസം നീണ്ടുനിന്നിരുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഈയാഴ്ച പോര്‍ച്ചുഗലില്‍ ഒരു മീറ്റിംഗ് നടക്കുന്നുണ്ട്. സ്‌നെല്‍ ഉള്‍പ്പെടെയുള്ള ഗവേഷകര്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കോവിഡ് കേസുകളെക്കുറിച്ച് ചര്‍ച്ച ചെയ്യും. കോവിഡ് ബാധിതരില്‍ ഏതൊക്കെ തരത്തിലുള്ള വകഭേദങ്ങളാണ് ബാധിക്കുന്നതെന്നും മീറ്റിംഗില്‍ ചര്‍ച്ച ചെയ്യും. കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും കോവിഡ് പോസിറ്റീവായ 9 രോഗികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെല്ലാം കാന്‍സര്‍, എച്ച്‌ഐവി തുടങ്ങിയ മറ്റ് അസുഖങ്ങളാല്‍ പ്രതിരോധശേഷി കുറവായിരുന്നു. 

2020 ല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അണുബാധ റിപ്പോര്‍ട്ട് ചെയ്തയാളെ ചികിത്സിച്ചു ഭേദമാക്കിയെങ്കിലും 2021 ല്‍ അയാള്‍ മരിച്ചു. മരിച്ചയാള്‍ക്ക് മറ്റ് പല അസുഖങ്ങളും ഉണ്ടായിരുന്നതായി ദവേഷകര്‍ പറഞ്ഞു.