കനേഡിയന്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍  മൂന്നിരട്ടി വര്‍ധിച്ചതായി കണക്കുകള്‍

By: 600002 On: Apr 22, 2022, 1:58 PM


അവധിക്കാല യാത്രകള്‍ നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഇഷ്യു ചെയ്യുന്ന കനേഡിയന്‍ പാസ്‌പോര്‍ട്ടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനവുണ്ടായെന്ന് കണക്കുകള്‍. ഇത് മൂലം ചിലപ്പോള്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ യാത്രക്കാര്‍ക്ക് ദീര്‍ഘനാള്‍ കാത്തിരിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാകുന്നുവെന്നും ഫെഡറല്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ കണക്കുകളില്‍ വ്യക്തമാക്കുന്നു. 

കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തിയതിനു പിന്നാലെ വിമാന യാത്രകളും പുനരാരംഭിച്ചു. തല്‍ഫലമായി രാജ്യത്തുടനീളം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ വര്‍ധിച്ചതായി സര്‍വീസ് കാനഡയുടെ മേല്‍നോട്ടം വഹിക്കുന്ന എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. 2020 ഏപ്രില്‍ 1 നും 2021 മാര്‍ച്ച് 31 നും ഇടയില്‍ സര്‍വീസ് കാനഡ 363,000 പാസ്പോര്‍ട്ടുകളാണ് നല്‍കിയത്. 2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിനുള്ളില്‍ 1,273,000 ആയി ഇത് വര്‍ധിച്ചതായി വക്താവ് പറഞ്ഞു. 

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നത് പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ കൂടുതല്‍ ദിവസം കാത്തിരിക്കേണ്ടിവരുന്നതില്‍ കലാശിച്ചുവെന്ന് സര്‍വീസ് കാനഡ പ്രതിനിധി വ്യക്തമാക്കി. ഇത് യാത്രക്കാര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടെന്നും സര്‍ഡവീസ് കാനഡ ചൂണ്ടിക്കാട്ടുന്നു. 

ഏതെങ്കിലും പാസ്‌പോര്‍ട്ട് സൈറ്റില്‍ അപേക്ഷിച്ചാല്‍ 10 പ്രവൃത്തി ദിവസങ്ങളും സര്‍വീസ് കാനഡ കേന്ദ്രം വഴിയോ ഇ മെയില്‍ വഴിയോ അപേക്ഷിച്ചാല്‍ 20 പ്രവൃത്തി ദിവസങ്ങളുമാണ് പാസ്‌പോര്‍ട്ട് പ്രോസസ് ചെയ്യാനെടുക്കുന്ന സമയം. എന്നാല്‍ 2022 ഏപ്രില്‍ 18 വരെ പാസ്‌പോര്‍ട്ടുകളുടെ ശരാശരി പ്രോസസിംഗ് സമയം യഥാക്രമം അഞ്ച് മുതല്‍ 25 ദിവസം വരെയാണെന്ന് വകുപ്പ് പറയുന്നു.