കാനഡയിലെ ഉന്നത ഉദ്യോഗസ്ഥര്‍, പ്രീമിയര്‍മാര്‍, മേയര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, സൈനികര്‍ തുടങ്ങിയവര്‍ക്ക് അനിശ്ചിതകാലത്തേക്ക് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഓഫീസിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍, പ്രീമിയര്‍മാര്‍, മേയര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പടെ 61 പേര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിലക്കേര്‍പ്പെടുത്തിയവര്‍ക്ക് റഷ്യന്‍ ഫെഡറേഷനിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും. ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ശ്രമത്തിന്റെ ഭാഗമായി ഇന്ഫ്ളുവന്ഷ്യലായിട്ടുള്ള റഷ്യക്കാര്‍ക്കെതിരെ കാനഡ ഉപരോധം ഏര്‍പ്പെടുത്തിയതിന് നേരിട്ടുള്ള പ്രതികാരമായാണ് റഷ്യയുടെ ഈ നീക്കമെന്നാണ് സൂചന.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സ്റ്റോപ്പ് ലിസ്റ്റില്‍ ഒന്റാരിയോ, മാനിറ്റോബ, സസ്ക്കാച്ചെവന്‍, ആല്‍ബെര്‍ട്ട, ബീസി എന്നീ അഞ്ച് പ്രവിശ്യകളിലെയും പ്രീമിയര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യുഎന്നിലെ കനേഡിയന്‍ അംബാസഡര്‍ ബോബ് റേ, ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം, പ്രിവി കൗണ്‍സിലിലെ ആക്ടിംഗ് ക്ലാര്‍ക്ക് ജാനിസ് ചാരെറ്റ്, മുന്‍ വിദേശകാര്യ മന്ത്രി ലോയ്ഡ് ആക്സ്വര്‍ത്തി, ടൊറന്റോ മേയര്‍ ജോണ്‍ ടോറി, ഒട്ടാവ മേയര്‍ ജിം വാട്സണ്, മുന്‍ സെനറ്റര്‍ റോമിയോ ഡല്ലെയര് എന്നിവരെയും റഷ്യയില്‍ പ്രവേശിക്കുന്നതിന് വിലക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഓഫീസിലെ ചില ഉന്നത ഉദ്യോഗസ്ഥരും പട്ടികയില്‍പെടുന്നു. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് വര്‍ഷങ്ങളായി റഷ്യയുടെ ഉപരോധ പട്ടികയുള്ള വ്യക്തിയാണ്. അതേസമയം, ട്രൂഡോയും പ്രതിരോധമന്ത്രി അനിത ആനന്ദിനും റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നില്ല.
റഷ്യയുടെ ഈ നീക്കം കാനഡയെ ഒരു തരത്തിലും ദുര്‍ബലപ്പെടുത്തില്ലെന്നും ഉക്രെയ്നിനുവേണ്ടി എല്ലാ പിന്തുണയും രാജ്യം നല്‍കുമെന്നും ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായും റഷ്യയുടെ നടപടിയോട് ജസ്റ്റിന് ട്രൂഡോ പ്രതികരിച്ചു. വ്ളാദിമിര്‍ പുടിന്റെ കൊലപാതക ഭരണകൂടത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.