മീനില്‍ മായം: 'ഓപ്പറേഷന്‍ മത്സ്യ' ആവിഷ്‌കരിച്ച് കേരള സര്‍ക്കാര്‍

By: 600002 On: Apr 22, 2022, 11:05 AM

 

കേരളത്തിലെ എല്ലാ ജില്ലകളിലും ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ പുതിയൊരു ക്യാംപയിനും ആരംഭിച്ചു. ഒരാഴ്ച മുമ്പ് ഇടുക്കി ജില്ലയില്‍ പച്ചമീന്‍ കഴിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആശുപത്രിയിലാകുകയും പൂച്ചകള്‍ ചാകുകയും ചെയ്തിരുന്നു. ഇതിനിടെ ബുധനാഴ്ച മീന്‍ കഴിച്ച വീട്ടമ്മ സുഖമില്ലാതായി ആശുപത്രിയിലായി. ഈ പശ്ചാത്തലത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന പരിശോധനയ്ക്ക് ഉത്തരവിട്ടത്. 

ക്യാംപയിനിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി 'ഓപ്പറേഷന്‍ മത്സ്യ'  ആവിഷ്‌കരിച്ചു. ക്യാംപയിനിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തും. പരിശോധനകള്‍ നടത്തി  ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന നടത്തും. മത്സ്യം, വെളിച്ചെണ്ണ, കറിപൊടികള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന നടത്തുക. 

പൊതുജനപങ്കാളിത്തത്തോടെയാണ് ക്യാംപയിന്‍ നടത്തുന്നത്. ജനങ്ങള്‍ക്ക് മായം കലര്‍ത്തുന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാനുണ്ടെങ്കില്‍ ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.