ബീസിയില്‍ ഒരു ദശലക്ഷം ആള്‍ക്കാര്‍ക്ക് ഫാമിലി ഡോക്ടറില്ലെന്നാണ് കണക്ക്. അസുഖം വരുമ്പോള്‍ സമീപിക്കാനായി ഫാമിലി ക്ലിനിക്കുകളില്‍ എത്തുന്ന ഇവര്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയിലുമാണ്. ഫാമിലി ക്ലിനിക്കുകളിലെ കാത്തിരിപ്പ് സമയം സംബന്ധിച്ച് ടെക്നോളജി കമ്പനിയായ മെഡിമാപ്പ് പുറത്തിറക്കിയ ഡാറ്റ അനുസരിച്ച് രണ്ടര മണിക്കൂറിലധികം കാത്തിരിപ്പാണ് ബീസിയിലെ ഓരോ ആളുകളും നടത്തേണ്ടി വരുന്നത്.
ആറ് പ്രവിശ്യകളിലായി 1.200 ലധികം ക്ലിനിക്കുകളില്‍ മെഡിമാപ്പ് കാത്തിരിപ്പ് സമയം അവലോകനം ചെയ്തു. ഇതില്‍ 2021 ല്‍ ബീസിയിലെ ആളുകള്‍ ശരാശരി 58 മിനിറ്റ് ക്യൂവില്‍ കാത്തിരുന്നു. ഇത് ദേശീയ ശരാശരിയായ 25 മിനിറ്റിന്റെ ഇരട്ടിയിലേറെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
രണ്ട് മണിക്കൂറും 41 മിനിറ്റും രേഖപ്പെടുത്തിയ വിക്ടോറിയയിലാണ് കാനഡയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയം റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് വഴികളില്‍ ബീസി മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് പിന്നിലായെന്ന് മെഡിമാപ്പ് സിഇഒ ബ്ലേക്ക് ആദം പറയുന്നു.
2019 നും 2021 നും ഇടയില്‍ മറ്റെല്ലാ പ്രവിശ്യകളിലും 20 ശതമാനം കാത്തിരിപ്പ് സമയത്തിന്റെ ശരാശരി ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ബീസിയില്‍ അത് 35 ശതമാനം വര്‍ധിച്ചു. ഇതില്‍ ആശ്ചര്യപ്പെടാനില്ല, കാരണം കോവിഡ് കാലത്ത് വെര്‍ച്വല്‍ വിസിറ്റിംഗുകള് വര്‍ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബീസിയില്‍ ഇപ്പോള്‍ കൂടുതല്‍ ഇന്‍-പേഴ്സണ്‍ വിസിറ്റുകള്‍ നടത്താന്‍ ഡോക്ടര്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ്. കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടികള്‍ക്കായി പ്രവിശ്യ വിക്ടോറിയയ്ക്ക് കൂടുതല്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ പ്രവിശ്യയില്‍ ഉടനീളം അടിയന്തിര ആരോഗ്യ സംവിധാനങ്ങളും പ്രാഥമിക പരിചരണ കേന്ദ്രങ്ങളും കൂടുതലായി ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.