ജൂണില്‍ കൊച്ചി മെട്രോ ട്രെയിന്‍ തൃപ്പൂണിത്തുറയിലേക്ക് ഓടിത്തുടങ്ങും: നിര്‍മാണം അന്തിമഘട്ടത്തിലേക്ക്  

By: 600002 On: Apr 22, 2022, 10:10 AM

തൃപ്പൂണിത്തുറയിലെ എസ്എന്‍ ജംഗ്ഷനിലേക്കുള്ള കൊച്ചി മെട്രോയുടെ ട്രെയിന്‍ സര്‍വീസ് ജൂണ്‍ 17 ന് ആരംഭിക്കുമെന്ന് എം.ഡി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഈ മാസം ട്രയല്‍ റണ്‍ തുടങ്ങും. റെയില്‍വേ സേഫ്റ്റി കമ്മീഷറുടെ പരിശോധന മെയ് മാസത്തില്‍ നടക്കും. 

പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍ പാതയുടെയും സ്റ്റേഷന്റെയും നിര്‍മാണം അന്തിമഘട്ടത്തിലാണ്. സര്‍വീസിന്റെ സ്പീഡ് ട്രയല്‍ വിജയകരമായിരുന്നു. വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന്‍ സ്‌റ്റേഷനുകളിലെ ഫയര്‍ ഇന്‍സ്‌പെക്ഷനും ഈമാസം നടക്കും. 

1.8 കിലോമീറ്റര്‍ നീളമുള്ളതാണ് പേട്ട മുതല്‍ എസ്.എന്‍. ജംഗ്ഷന്‍ വരെയുള്ള പാത. ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് DMRC ആയിരുന്നു. 2020 ഏപ്രില്‍ 21നാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി KMRL നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടിരൂപയാണ് മൊത്തം നിര്‍മ്മാണചിലവ്.