ആല്‍ബെര്‍ട്ടയില്‍ സീസണ് മാറുന്നതിനനുസരിച്ച് ജനങ്ങള്‍ക്കുനേരെ കാടിറങ്ങുന്ന കരടികളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ തെക്കന്‍ ആല്‍ബെര്‍ട്ടയിലെ കമ്യൂണിറ്റികളിലുള്ളവര്ക്ക് റാറ്റില്‍ സ്നേക്കുകളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് വന്യജീവി വിഭാഗം അധികൃതര്‍.
ലെത്ത്ബ്രിഡ്ജിലെ ചില വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നത്, സാധാരണയായി പാറക്കെട്ടുകളിലാണ് റാറ്റില്‍ സ്നേക്കുകള്‍ കഴിയാറുള്ളതെങ്കിലും വേനല്‍ക്കാലത്തും സ്പ്രിംഗ് സീസണിലും ചൂട് കൂടുമ്പോള്‍ ഇവ ഇരപിടിക്കാനായി മറ്റിടങ്ങള്‍ തേടിപ്പോകും. ഇത്തരത്തില്‍ പാമ്പുകള്‍ ഉണ്ടാകുമെന്ന് സംശയമുള്ള സ്ഥലങ്ങളില്‍ കൂടി നടന്നു പോവുകയോ മറ്റോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. വീടിനുള്ളിലും പരിസരങ്ങളിലും പാമ്പുകള്‍ കയറാതിരിക്കാന്‍ എപ്പോഴും നിരീക്ഷിക്കണമെന്നും ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
എന്നാല്‍ റാറ്റില്‍ സ്നേക്കുകള്‍ എല്ലാം അപകടകാരികളല്ല. ആല്‍ബെര്‍ട്ടയില്‍ കണ്ടുവരുന്ന ഒരേയൊരു വിഷപാമ്പ് പ്രെയ്രി റാറ്റില്‍ സ്നേക്കാണെന്ന് ആല്‍ബെര്‍ട്ട പാര്‍ക്ക്സ് പറയുന്നു. എന്നാല്‍ ഇത് കടിച്ചുകഴിഞ്ഞാല്‍ അപൂര്‍വ്വമായി മാത്രമേ മാരകമാവുകയുള്ളൂ.