നിമിഷപ്രിയയുടെ മോചനം: ബ്ലഡ് മണിയായി ആവശ്യപ്പെട്ടത് 50 ദശലക്ഷം യെമന്‍ റിയാല്‍

By: 600002 On: Apr 22, 2022, 9:22 AM

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയം കൂടുതല്‍ നടപടികളിലേക്ക്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം ദയാധനത്തെപ്പറ്റി ചര്‍ച്ചയ്ക്ക് തയാറെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. തലാലിന്റെ കുടുംബം 50 ദശലക്ഷം യെമന്‍ റിയാലാണ്(ഒന്നരക്കോടിയോളം രൂപ) ബ്ലഡ്മണിയായി ആവശ്യപ്പെട്ടിരിക്കുന്നതെന്നും റംസാന്‍ അവസാനിക്കുന്നതിനു മുമ്പ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെയും സഹമന്ത്രി വി. മുരളീധരന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ബ്ലഡ്മണിക്കുള്ള(ദയാധനം)നടപടികള്‍ ഏകോപിപ്പിക്കാന്‍ എംബസ്സിക്ക് നിര്‍ദേശം നല്‍കി.