സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ജനാധിപത്യത്തെ തകര്‍ക്കാന്‍: ഒബാമ

By: 600002 On: Apr 22, 2022, 8:26 AM

 

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കുംവിധമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. തെറ്റായ വിവരങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. സോഷ്യല്‍മീഡിയ വഴി ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് നേരിടാന്‍ നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാത്തിടത്തോളം ആ ഭീഷണി തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2016 ലെ തെരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലിനെ കുറിച്ചും ഉക്രെയ്‌നില്‍ തുടരുന്ന റഷ്യന്‍ അധിനിവേശത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 

സത്യവും നുണയും തമ്മിലും, സഹകരണവും സംഘര്‍ഷവും തമ്മിലുമുള്ള മത്സരത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളുടെ രൂപകല്‍പ്പന ജനങ്ങളെ തെറ്റായ ദിശയിലേക്ക് തിരിച്ചുവിടുകയാണ്. സോഷ്യല്‍മീഡിയാ കമ്പനികള്‍ വിതച്ചത് കൊയ്‌തെടുക്കുകയാണ്. ഇനിയും നമ്മള്‍ മാറി ചിന്തിക്കാന്‍ വൈകരുതെന്ന് അദ്ദേഹം പറഞ്ഞു.