അജ്ഞാത കരള്‍രോഗം: കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി യുഎസ് 

By: 600002 On: Apr 22, 2022, 8:02 AM

അടുത്തകാലത്തായി യുഎസിലും യൂറോപ്പിലുമായി വ്യാപിക്കുന്ന കുട്ടികളിലെ ഗുരുതര കരള്‍വീക്കം ലോകരാജ്യങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. യുഎസില്‍ ഇത്തരം കരള്‍ വീക്കം സംബന്ധിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ജലദോഷ വൈറസുമായി ബന്ധപ്പെട്ടിരിക്കുന്ന പീഡിയാട്രിക് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങള്‍ വ്യാപിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി മുന്നറിയിപ്പ് നല്‍കി. ചെറിയ കുട്ടികളിലെ ഹെപ്പറ്റൈറ്റിസ് ക്ലസ്റ്ററുകളെ കുറിച്ച് അമേരിക്കയിലും യൂറോപ്പിലും നടത്തിയ അന്വേഷണങ്ങളെ തുടര്‍ന്നാണ് മുന്നറിയിപ്പ്. 

കരള്‍വീക്കത്തിന് കാരണമാകുന്ന വൈറസിനെ സംബന്ധിച്ച് യൂറോപ്പുമായി സഹകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) അറിയിച്ചു. അഡെനോവൈറസ് എന്നറിയപ്പെടുന്ന ഒരു സാധാരണ ജലദോഷത്തിന് കാരണമാകുന്ന വൈറസ് പല യൂറോപ്യന്‍ കേസുകളിലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ കരള്‍രോഗത്തിനും ഇതല്ല കാരണമെന്നും സിഡിസി ചൂണ്ടിക്കാണിക്കുന്നു. 

അജ്ഞാതമായ കരള്‍രോഗവുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ എത്തുന്ന കേസുകള്‍ സംസ്ഥാന, പ്രാദേശിക ആരോഗ്യ വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കി. പനി, ക്ഷീണം, ഛര്‍ദ്ദി, വയറുവേദന, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ അഡെനോവൈറസ് പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സ്‌കോട്ട്‌ലന്‍ഡിലെ 10 ഓളം കുട്ടികളിലാണ് ആദ്യമായി കരള്‍ രോഗം കണ്ടെത്തിയത്. 
ഒരാള്‍ ജനുവരിയിലും മറ്റ് 9 പേര്‍ മാര്‍ച്ചിലും രോഗബാധിതരായി. രോഗം ഗുരുതരമായതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇവര്‍ക്ക് ഹെപ്പറ്റൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.