എഡ്മന്റണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം: ഏഴ് യുവാക്കള്‍ക്കെതിരെ കേസെടുത്തു

By: 600002 On: Apr 22, 2022, 7:23 AM

 

എഡ്മന്റണ്‍ ഹൈസ്‌കൂളിലെ കരണ്‍വീര്‍ സഹോതയെ(16) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ എഡ്മന്റണ്‍ സ്വദേശികളായ ഏഴ് യുവാക്കള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പ്രതികളുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ഏപ്രില്‍ 8നാണ് മക്‌നല്ലി ഹൈസ്‌കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പില്‍ വെച്ച് കരണ്‍വീറിനെ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. മാരകമായി പരുക്കേറ്റ കരണ്‍വീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്ക് ശേഷം കരണ്‍വീര്‍ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് കണ്ടെത്തി. 

സംഭവത്തിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്തി. സംഘത്തിലുണ്ടായിരുന്നൊരാള്‍ ഓടിരക്ഷപ്പെട്ടു. സംഘത്തിലെ ഏഴ് യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇര മരിച്ചതിനാല്‍ ചാര്‍ജുകള്‍ ഇനിയും ചുമത്തപ്പെടാമെന്നും എഡ്മന്റണ്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സങ്കീര്‍ണമായൊരു കേസാണിതെങ്കിലും സാക്ഷികളുടെയും സ്‌കൂള്‍ അധികൃതരുടെയും സഹകരണത്തോടെ പ്രതികളെ കണ്ടെത്താനായെന്ന് പോലീസ് പറഞ്ഞു.