ഉക്രെയ്‌നിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി റെഡ്‌ക്രോസിന് കാനഡ 30 മില്യണ്‍ ഡോളര്‍ കൈമാറി 

By: 600002 On: Apr 22, 2022, 7:02 AM

 

ഉക്രെയ്‌നില്‍ പ്രവര്‍ത്തിക്കുന്ന കനേഡിയന്‍ റെഡ്‌ക്രോസിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 30 മില്യണ്‍ ഡോളറിലധികം സംഭാവന കാനഡയിലുള്ളവര്‍ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ വ്യക്തിഗത സംഭാവന എന്ന വാഗ്ദാനം പാലിക്കപ്പെട്ടതായി ഗ്ലോബല്‍ അഫയേഴ്‌സ് കാനഡയുടെ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി. കനേഡിയന്‍ റെഡ്‌ക്രോസിന്റെ ഉക്രെയ്ന്‍ ഹ്യുമാനിറ്റേറിയന്‍ ക്രൈസിസിലേക്കാണ് വ്യക്തിഗത സംഭാവനകളില്‍ നിന്ന് 30 മില്യണ്‍ ഡോളര്‍ വരെ സംഭാവന നല്‍കിയിരിക്കുന്നത്. സംഘടനയ്ക്ക് പണം കൈമാറിയതായി പ്രസ്താവനയില്‍ അറിയിച്ചു. 

ഉക്രെയ്‌നില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മറ്റ് നിര്‍ണായക മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഫണ്ട് വിനിയോഗിക്കും. യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ടെത്തിയ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനും റെഡ് ക്രോസ് ശ്രമിക്കുന്നുണ്ട്. ഫെബ്രുവരി അവസാനം, ഫെഡറല്‍ ഗവണ്‍മെന്റ് റെഡ് ക്രോസിനുള്ള വ്യക്തിഗത സംഭാവന 10 മില്യണ്‍ ഡോളര്‍ വരെയാകാമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ഇത് 30 മില്യണ്‍ ഡോളറായി ഉയര്‍ത്തി. 

ഇതുവരെ ഫെഡറല്‍ ഗവണ്‍മെന്റ് ഉക്രെയ്‌നിനും അയല്‍രാജ്യങ്ങള്‍ക്കുമായി മൊത്തം 245 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. ഹ്യൂമാനിറ്റേറിയന്‍ ഫ്‌ളാഷ് അപ്പീലിലേക്കും ഉക്രെയ്‌നിനായുള്ള റീജിയണല്‍ റെഫ്യൂജി റെസ്പോണ്‍സ് പ്ലാനിലേക്കും 100 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെയാണിത്.