സണ്‍വിംഗ് എയര്‍ലൈന്‍സ് ഇന്‍കോര്‍പ്പറേറ്റിലെ വിമാനം സാങ്കേതിക തകരാര്‍ മൂലം മുടങ്ങിയതിനാല്‍ കാനഡയിലുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഫ്‌ളൈറ്റ് വൈകുന്നത് മൂലം വിദേശയാത്രകള്‍ നടത്താനും വിദേശത്ത് നിന്ന് മടങ്ങിവരാനും ആഗ്രഹിക്കുന്ന യാത്രക്കാരെ വലച്ചിരിക്കുകയാണ്. ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ കമ്പനി തങ്ങളുടെ ചെക്ക്-ഇന്‍ സിസ്റ്റം പ്രൊവൈഡറിലുള്ള സാങ്കേതിക തകരാര്‍ മൂലം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു. ഈ സാങ്കേതിക പ്രശ്നം യാത്രക്കാരെ വലയ്ക്കുകയും അവധിക്കാലം ചെലവഴിക്കാന്‍ പ്ലാനിട്ടിരിക്കുന്ന നിരവധിപേര്‍ക്ക് കാലതാമസം വരുത്തുകയും ചെയ്യുന്നു.
ഇത്തരത്തില്‍ ഫ്‌ളൈറ്റിന് കാലതാമസം നേരിടുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. നഷ്ടപരിഹാര തുകയെക്കുറിച്ച് കൂടുതലറിയാം.
കാനഡയില്‍, എയര്‍ പാസഞ്ചര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് (APPR) പ്രകാരം വിമാന യാത്രക്കാര്‍ക്ക് വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കാമെന്ന് പറയുന്നുണ്ട്. എപിപിആര്‍ നിര്‍ദേശിക്കുന്ന അനുസരിച്ച് ഒരു വിമാനം മൂന്ന് മണിക്കൂറിലധികം വൈകിയാല്‍ നഷ്ടപരിഹാരത്തിന് യാത്രക്കാര്‍ക്ക് അര്‍ഹതയുണ്ട്. തകരാര്‍ പരിഹരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് എയര്‍ലൈന്‍ കമ്പനിക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫെഡറല്‍ നിയമങ്ങള്‍ പ്രകാരം, ഒരു ഫ്‌ളൈറ്റിന്റെ കാലതാമസം മൂലമുണ്ടാകുന്ന ചെലവുകള്‍ക്കോ നാശനഷ്ടങ്ങള്‍ക്കോ എയര്‍ലൈന്‍ ബാധ്യസ്ഥരാണ്. കണക്റ്റിംഗ് ഫ്‌ലൈറ്റുകള്‍ ഉള്‍പ്പെടെ കാനഡയില്‍ നിന്നുള്ള എല്ലാ ഫ്‌ളൈറ്റുകള്‍ക്കും ഇത് ബാധകമാണ്.
വിമാന യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാര തുക എയര്‍ലെന്‍ വലിയ കാരിയറാണോ ചെറുതാണോ എന്നതിനെ ആശ്രയിച്ചിരിക്കും. സണ്‍വിംഗ് വലിയ കാരിയറായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ 2022 ജനുവരി 12 ന് ശേഷം പുതുക്കിയ നിയമപ്രകാരം ചെറു വിഭാഗത്തിൽ സണ്‍വിംഗിനെ ഉള്‍പ്പെടുത്തി. വലിയ കാരിയറില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ കാലതാമസമുണ്ടായാല്‍ 400 ഡോളറും, ആറിനും ഒമ്പത് മണിക്കൂറിനും ഇടയിലുള്ള കാലതാമസത്തിന് 700 ഡോളറും, ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന കാലതാമസത്തിന് 1,000 ഡോളറും നഷ്ടപരിഹാര തുകയ്ക്ക്് അര്‍ഹതയുണ്ട്. ഇതേ കാലതാമസത്തിന് ചെറിയ കാരിയറുകളിലെ യാത്രക്കാര്‍ക്ക് യഥാക്രമം 125 ഡോളര്‍, 250 ഡോളര്‍, 500 ഡോളര്‍ എന്നിങ്ങനെ ലഭിക്കും.
വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ വൈകിയാല്‍ വിമാനക്കമ്പനികള്‍ 'ന്യായമായ അളവില്‍' ഭക്ഷണപാനീയങ്ങളും സൗജന്യ വൈഫൈ പോലുള്ളവയും നല്‍കണം. യാത്രക്കാര്‍ക്ക് അവരുടെ ഫ്‌ളൈറ്റിനായി രാത്രി മുഴുവന്‍ കാത്തിരിക്കേണ്ടി വന്നാല്‍, വിമാനക്കമ്പനികള്‍ ഹോട്ടലോ മറ്റ് താമസസൗകര്യമോ സൗജന്യമായി നല്‍കണം. കൂടാതെ താമസസ്ഥലത്തേക്ക് സൗജന്യ യാത്രയും ലഭ്യമാക്കണം.
ഫ്‌ളൈറ്റ് കാലതാമസത്തിനോ റദ്ദാക്കലിനോ നഷ്ടപരിഹാരം ലഭിക്കുന്നതിന് കാലതാമസം നേരിട്ട തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ യാത്രക്കാര്‍ എയര്‍ലൈനുമായി രേഖാമൂലം ക്ലെയിം ചെയ്യണം. ചില എയര്‍ലൈനുകള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ നേരിട്ട് ക്ലെയിം ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ലെയിമുമായി ബന്ധപ്പെട്ട് യാത്രക്കാരോട് എയര്‍ലൈന്‍ കമ്പനി 30 ദിവസത്തിനുള്ളില്‍ പ്രതികരിച്ചിരിക്കണമെന്ന് എപിപിആര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടോ അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം എന്നിവ യാത്രക്കാരോട് കമ്പനി വ്യക്തമാക്കേണ്ടതുണ്ട്.
ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തമായി അറിയാന്‍ https://rppa-appr.ca/eng എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.