കാൽഗറി സാഡിൽ റിഡ്ജിൽ വെടിവെയ്പ്പ്; ഒരാൾ മരിച്ചു 

By: 600007 On: Apr 21, 2022, 8:16 PM

 

 

കാൽഗറി സാഡിൽ റിഡ്ജിൽ ബുധനാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. രാത്രി 10 മണിയോടെയാണ് കാൽഗറി നോർത്ത് ഈസ്റ്റിലെ സാഡിൽ ക്രെസ്റ്റ്  ബോളുവാർഡിൽ വെടി വെയ്പ്പ് നടന്നത്. പോലീസ് എത്തിയപ്പോഴേക്കും ഒരാളെ വാഹനത്തിനുള്ളിൽ വെടിയേറ്റ മുറിവുകളോടെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വെടിയേറ്റു മരിച്ച ആളുടെ ഐഡന്റിറ്റി പോലീസ് പുറത്തുവിട്ടിട്ടില്ല. കൂടാതെ പ്രതികളെക്കുറിച്ചും  പൊലീസിന് വിവരങ്ങൾ ഒന്നും ഇത് വരെ ലഭ്യമായിട്ടില്ല.

രാത്രി 10 മണിക്ക് ശേഷം ഏകദേശം പത്ത് റൗണ്ട് വെടിയൊച്ച കേട്ടതായി സമീപ വാസികൾ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച നടന്ന വെടിവെയ്പ്പും നഗരത്തിൽ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ വർധിച്ച് വരുന്നതും ആശങ്കാജനകമാണെന്ന് വാർഡ് 5 കൗൺസിലർ രാജ് ധലിവാൾ മാധ്യമങ്ങളോട് പറഞ്ഞു. 

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിൽ കാൽഗറി പോലീസുമായോ അജ്ഞാതമായി വിവരങ്ങൾ നൽകുവാൻ ക്രൈം സ്റ്റോപ്പറിലോ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിക്കുന്നു.  

ഈ വെടിവയ്പ്പ് ആസൂത്രിതമായ കൊലപാതകമായി കണക്കാക്കുകയാണെങ്കിൽ, കാൽഗറിയിൽ ഈ വർഷം നടന്ന 11-ാമത്തെ കൊലപാതകമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.