'തനിയെ ഒരാൾ' അബ്രഹാം ജോർജ് എഴുതിയ ചെറുകഥ

By: 600009 On: Apr 21, 2022, 4:52 PM

Story Written by, Abraham George, Chicago.

എല്ലാവരും ഉണ്ടായിട്ടും ആരുമാരുമില്ലാത്തവനെപ്പോലെ, മലയുടെ അഗ്രത്തിലേക്ക് ലക്ഷ്യം വെച്ച് നടന്നു. മേലെ പാറക്കെട്ടുകളുടെ ചാരേ, അരുവി പുറപ്പെടുന്നോടത്ത് അയാൾ നിന്നു. താഴ്വാരത്തിൽ പടർന്ന് കിടക്കുന്ന മാഞ്ചോട്ടിൽ കുട്ടികൾ ഓടിക്കളിക്കുന്നത്, അയാൾ നോക്കി നിന്നു.

അയാളുടെ ബാല്യവും കൗമാരവും യൗവനവും ഓർമ്മയിലേക്ക് എത്തി. പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം. അന്നാണ് ആറാം ക്ലാസ്സിൽ പഠിക്കുന്ന ദേവിയെ കണ്ടുമുട്ടുന്നത്. താഴെ വീണ മാമ്പഴം പെറുക്കിയെടുക്കുകയായിരുന്നു അവൾ. പെട്ടന്നുണ്ടായ മഴയിൽ മാഞ്ചോട്ടിൽ ഞങ്ങൾ അഭയം തേടി. മുന്നറിയിപ്പായി കാറ്റ് നേരത്തെ തന്നെയുണ്ടായിരുന്നു. അത് എന്തുകൊണ്ടോ വകവെച്ചില്ല. ഇടതൂർന്ന് പെയ്ത മഴയിൽ ഞങ്ങൾ നനഞ്ഞു. മഴവെള്ളം അവളുടെ തലയിൽ വീഴാതിരിക്കാൻ, എൻ്റെ കൈപ്പത്തി അവളുടെ തലയിൽ വെച്ചു. അവൾ എതിർപ്പൊന്നും പറഞ്ഞില്ല. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിൻ്റെ തുടക്കം.

കാറ്റും കോളും പിന്നെയുമുണ്ടായി. പേമാരി തിമർത്തു. എന്നിട്ടും ഞങ്ങളുടെ ബന്ധം അഴഞ്ഞില്ല, മുറുകുകയാണ് ചെയ്തത്. അവസാനം അത് വിവാഹത്തിൽ കലാശിക്കുകയാണ് ഉണ്ടായത്. അയാൾ പാറക്കെട്ടിൽ ചാരി നിന്നു. താഴെ കുട്ടികളുടെ അട്ടഹാസങ്ങൾ കേൾക്കാം. അവരെപ്പോലെ കളിച്ചു നടന്ന കാലം ഓർമ്മയിലേക്കെത്തി. തിരിച്ചു കിട്ടാത്ത ബാല്യം, കൗമാരം, യൗവ്വനം, അയാൾ നെടുവീർപ്പിട്ടു. അയാളുടെ മനസ്സ് വിങ്ങി. എല്ലാം കടന്നു പോയിയെന്ന ചിന്ത അയാളെ വേദനിപ്പിച്ചു. ഭാര്യയും മക്കളും അതായിരുന്നു അയാളുടെ ലോകം. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത് ഉന്നതിയിൽ എത്തിക്കുകയെന്ന ചിന്ത മാത്രമായിരുന്നു അയാൾക്ക്. അവിടെ സ്വന്തമെന്ന് പറയുന്നവരെയെല്ലാം മറന്നു.

മക്കൾ വലുതായി, അവരുടെ ജീവിതം മാത്രമായി മുന്നോട്ടു പോയി. അവർക്കും, ഭാര്യ മക്കൾ മാത്രമായിരുന്നു ലക്ഷ്യം. ഞങ്ങളെയവർ മറന്നു. എതിർപ്പൊന്നും പറയാൻ അയാൾക്കായില്ല.  താനും അതു തന്നെയല്ലേ ചെയ്തതെന്ന് അയാൾ ഓർത്തു. ഒരു കാലത്ത് ദേവിയെ വിവാഹം കഴിച്ചപ്പോൾ താനും എല്ലാവരെയും ഉപേക്ഷിച്ച്, സ്വന്തമായി ജീവിച്ചു. അന്ന് അതാണ് ശരിയെന്ന് വിചാരിച്ചു. അതു മാത്രമല്ലേ മക്കളും ചെയ്യുന്നത്. അവരെ കുറ്റം പറയാനെങ്ങനെ പറ്റും.

സ്വന്തം അച്ഛൻ്റെയും അമ്മയുടെയും വിഷമം തിരിച്ചറിയാതെ പോയ തനിക്കിന്ന് മക്കളുടെ കാര്യത്തിൽ ഇടപെടാൻ എന്ത് അവകാശമെന്ന് അയാൾ ഓർത്തു. ഒരിക്കൽപ്പോലും താൻ തളരില്ലായിരുന്നു. ഭാര്യയുടെ പെട്ടന്നുള്ള വിയോഗം, അവിടമാണ് തൻ്റെ തോൽവി.

അവൾ പോയി, കുറെ ഓർമ്മകൾ ബാക്കിയാക്കിയവൾ നിത്യതയിലേക്ക് പോയി. അയാൾ മലമുകളിൽ നിന്നും താഴെക്കിറങ്ങി നടന്നു. വിദൂരതയിലേക്ക് നീണ്ടുപോകുന്ന വഴി. ലക്ഷ്യമില്ലാത്ത യാത്ര, എവിടെ ചെന്നവസാനിക്കുമെന്ന് അയാൾക്ക് അറിയില്ലായിരുന്നു. അങ്ങ് അകലെ ചെഞ്ചായം പൂശിയ ചക്രവാളം അയാളെ മാടി വിളിച്ചു. മനസ്സ് മരവിച്ചു കഴിഞ്ഞിരുന്നു. അതു കൊണ്ട് ഈ യാത്രയിൽ അയാൾക്ക് വേദന തോന്നിയില്ല. വിതച്ചതല്ലേ കൊയ്യാൻ പറ്റൂ... എന്നയാൾ ഓർത്തു.