ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു; ഡെല്‍ഹിയിലും പഞ്ചാബിലും മാസ്‌ക് നിര്‍ബന്ധമാക്കി 

By: 600002 On: Apr 21, 2022, 11:42 AM

 

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിനു മുകളില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 2380 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 56 പേര്‍ രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞു. നിലവില്‍ 13,433 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 

ഡെല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 1009 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 10ന് 1,104 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ഡല്‍ഹിയില്‍ മാസ്‌ക് ഉപയോഗം വീണ്ടും കര്‍ക്കശമാക്കിയിട്ടുണ്ട്. മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് 500 രൂപയാണ് പിഴ. ഡെല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.