മാസ്‌ക് മാന്‍ഡേറ്റുകള്‍ ഉള്‍പ്പടെയുള്ള മിക്ക കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞെങ്കിലും കാനഡയിലേക്കെത്തുന്ന യാത്രക്കാര്‍ രണ്ടാഴ്ചത്തേക്ക് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്നു.
ഫെഡറല്‍ ഗവണ്‍മെന്റിന്റെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, കാനഡയിലേക്ക് വരുന്ന അഞ്ച് വയസും അതില്‍ കൂടുതലുമുള്ള കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ പൊതു ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഇടങ്ങളില്‍ 14 ദിവസത്തേക്ക് മാസ്‌ക് നിർബന്ധമായും ധരിക്കണം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും സന്ദര്‍ശിച്ച സ്ഥലങ്ങളുടെയും ലിസ്റ്റും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായും സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. അതേസമയം, ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍,ടെറിട്ടോറിയല്‍ നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായ സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് നിര്‍ദേശിച്ചു.
യാത്രക്കാര്‍ കാനഡയിലെത്തിയതിന് 24 മണിക്കൂറിനു ശേഷം റാപിഡ് ടെസ്റ്റ് നടത്തേണ്ടതാണ്. പരിശോധനാഫലം രേഖപ്പെടുത്തുകയും രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യണം. ഇന്‍ഡോര്‍ സ്‌പേസുകളിലും രണ്ട് ദിവസമെങ്കിലും മാസ്‌ക് നിര്‍ബന്ധമാക്കാനും ശ്രമിക്കുക.
കോവിഡ് രോഗ ലക്ഷണങ്ങള്‍ കാണിക്കുകയോ പരിശോധനാ ഫലം പോസിറ്റീവ് ആകുകയോ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പോസിറ്റീവായ വ്യക്തി 10 ദിവസത്തേക്ക് ഐസൊലേഷനില്‍ പോകണം. പ്രവിശ്യകളില്‍ ചിലയിടത്ത് ഐസൊലേഷന്‍ കാലയളവ് കുറവായിരിക്കും.
അതേസമയം, ഒന്റാരിയോ, ബീസി, ആല്‍ബെര്‍ട്ട, മാനിറ്റോബ, ന്യൂ ബ്രണ്‍സ്വിക്ക്, നോവ സ്‌കോഷ്യ, ന്യൂഫൗണ്ട്ലാന്‍ഡ്, ലാബ്രഡോര്‍ എന്നിവയുള്‍പ്പെടെ മിക്ക പ്വിശ്യകളിലും അവരുടെ മാസ്‌ക് മാന്‍ഡേറ്റ് അവസാനിപ്പിച്ചു. ക്യുബെക്കില്‍ മാസ്‌ക് മാന്‍ഡേറ്റ് ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. സസ്‌കാച്ചെവാനില്‍ നിലവില്‍ കൊവിഡുമായി ബന്ധപ്പെട്ട പബ്ലിക് ഹെല്‍ത്ത് ഓര്‍ഡറുകളൊന്നും പ്രാബല്യത്തില്‍ ഇല്ല.
കാനഡയിലേക്ക് വരുന്ന യാത്രക്കാർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളുടെ പൂർണ്ണ വിവരങ്ങൾ https://travel.gc.ca/travel-covid/travel-restrictions/covid-vaccinated-travellers-entering-canada എന്ന ലിങ്കിൽ ലഭ്യമാണ്.