റഷ്യയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ജി 20 മീറ്റിംഗില്‍ നിന്ന് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ഉള്‍പ്പെടെയുള്ള കനേഡിയന്‍ ഉദ്യോഗസ്ഥര്‍ സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് വാക്ക്ഔട്ട് നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജി 20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും മീറ്റിംഗില്‍, റഷ്യ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ താനും ഒപ്പം സഖ്യകക്ഷികളും എഴുന്നേറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായി ഫ്രീലാന്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു.
''വാഷിംഗ്ടണിലെ ഈ ആഴ്ചയിലെ മീറ്റിംഗുകള്‍ ലോക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചാണ്- ഉക്രെയ്‌നിലെ റഷ്യയുടെ അനധികൃത അധിനിവേശം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. ഈ മീറ്റിംഗുകളില്‍ റഷ്യ പങ്കെടുക്കുകയോ ഉള്‍പ്പെടുത്തുകയോ ചെയ്യരുത്''- ഫ്രീലാന്‍ഡ് ട്വിറ്ററില്‍ കുറിച്ചു.
ജി-20 മീറ്റിംഗ് ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ വെര്‍ച്വലായി പങ്കെടുക്കുന്ന റഷ്യന്‍ ധനമന്ത്രി ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മീറ്റിംഗിനെത്തിയ ഫ്രീലാന്‍ഡ് ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധിച്ച് എഴുന്നേറ്റ് പോവുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വിദേശകാര്യമന്ത്രി മെലാനി ജോളിയും ഉള്‍പ്പടെയുള്ള കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ജി-20 യിലെ റഷ്യയുടെ പങ്കാളിത്തത്തെക്കുറിച്ച് പുനരാലോചിക്കണമെന്ന് പറഞ്ഞിരുന്നു.