പക്ഷിപ്പനി:  ക്യുബെക്കിലെ ബ്രോംലേക്ക് ഡക്ക്‌സ് ഫാമില്‍ 150,000 താറാവുകളെ കൊന്നൊടുക്കി

By: 600002 On: Apr 21, 2022, 8:02 AM

 

പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ക്യുബെക്കിലെ താറാവ് ഫാമില്‍ 150,000 താറാവുകളെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്. ബ്രോംലേക്ക് ഡക്ക്‌സ് എന്ന കമ്പനിയാണ് തങ്ങളുടെ മൂന്നോളം ഫാമുകളിലായി 150,000 താറാവുകളെ കൊന്നൊടുക്കിയെന്ന് മാധ്യമങ്ങളെ അറിയിച്ചത്. കൂടാതെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 300 ഓളം ജീവനക്കാരെ പക്ഷിപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പിരിച്ചുവിട്ടതായും കമ്പനി അറിയിച്ചു. 

പക്ഷിപ്പനി നിയന്ത്രണവിധേയമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുന:സ്ഥാപിക്കാന്‍ ഏകദേശം ആറ് മുതല്‍ 12 മാസം വരെയെടുക്കുമെന്നും ഇതിനായി ദശലക്ഷം ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നതായും ബ്രോംലേക്കിലെ ഏഞ്ചല ആന്‍ഡേഴ്‌സണ്‍ പറയുന്നു. പക്ഷിപ്പനി മൂലം കമ്പനിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

ഏപ്രില്‍ 13 നാണ് ബ്രോം ലേക്ക് ഡക്‌സ് ഫാമില്‍ പക്ഷിപ്പനി ആദ്യമായി സ്ഥിരീകരിച്ചത്. ഫാമിലെ ജീവനക്കാരാണ് പക്ഷികള്‍ക്ക് അസുഖം ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മൃഗഡോക്ടര്‍ വന്ന് പരിശോധിച്ചപ്പോഴാണ് പക്ഷികളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 

കമ്പനിയുടെ 13 സൈറ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അവയില്‍ ഒന്നില്‍ കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി നശിപ്പിക്കാന്‍ ഉത്തരവിട്ട 400,000 ത്തോളം പെക്കിന്‍ താറാവ് മുട്ട ഉള്‍പ്പടെ കമ്പനിയുടെ എല്ലാ ബ്രീഡിംഗ് സ്റ്റോക്കും ഉള്‍പ്പെട്ടിരുന്നുവെന്ന് കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 

വൈറസ് ബാധിക്കപ്പെടാത്ത സൈറ്റുകളില്‍ താറാവുകളെ പ്രോസസ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് കൂടുതല്‍ താറാവുകള്‍ എത്താത്തതിനാലാണ് കമ്പനിക്ക് ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുന്ന സ്ഥിതിയുണ്ടായതെന്നും അധികൃതര്‍ പറയുന്നു. 

കാനഡയിലെ ഏറ്റവും വലിയ താറാവ് ഫാമുകളില്‍ ഒന്നാണ് ബ്രോലേക്ക് ഡക്ക്‌സ്. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുന്നത് എളുപ്പമല്ലെന്ന് ആന്‍ഡേഴ്‌സണ്‍ ആവര്‍ത്തിച്ചു പറയുന്നു. കാരണം പക്ഷി മൃഗാദികളുടെ മരണനിരക്കിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. മാത്രവുമല്ല, കാനഡ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സിയില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാകുമെങ്കിലും കമ്പനിക്ക് ഉണ്ടായ നഷ്ടം നികത്താന്‍ അത് തികയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.