ഇന്ത്യൻ അമേരിക്കൻ ശാന്തി സേഥി കമല ഹാരിസിന്റെ ഡിഫെൻസ് അഡ്വൈസർ

By: 600084 On: Apr 21, 2022, 6:57 AM

പി.പി.ചെറിയാൻ, ഡാളസ് 

വാഷിംഗ്‌ടൺ ഡി.സി: യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഡിഫെൻസ് അഡ്വൈസറായി ഇന്ത്യൻ അമേരിക്കൻ നേവി വെറ്ററൻ ശാന്തി സേഥിയെ നിയമിച്ചു.

ഇത് സംബന്ധിച്ചുള്ള അറിയിപ്പ് കമല ഹാരിസിന്റെ സീനിയർ അഡ്വൈസർ ആണ് ഔദ്യോഗികമായി പുറത്തു വിട്ടത്. ഡിഫെൻസ് അഡ്വൈസർ എന്ന പദവിയോടൊപ്പം എക്സിക്യൂട്ടീവ് സെക്രട്ടറിയായും ശാന്തി പ്രവർത്തിക്കും.

യു.എസ് നേവി സെക്രട്ടറി കാർലോസ് ഡെൽ റ്റൊറോയുടെ സീനിയർ അഡ്വൈസറായി പ്രവർത്തിച്ചു വരികയായിരുന്നു നേവിയിൽ നിന്നും ക്യാപ്റ്റൻ പദവിയിൽ നിന്നും വിരമിച്ച ശാന്തി സേഥി. 29 വർഷമായി യു.എസ് നേവി അംഗമായിരുന്നു.

റെനോ( നെവാഡ)യിൽ ജനിച്ചു വളർന്ന ശാന്തിയുടെ പിതാവ് വിദ്യാർത്ഥിയായി ആണ് അമേരിക്കയിൽ എത്തിയത്. പിന്നീട് അമേരിക്കക്കാരിയെ വിവാഹം ചെയ്തു. മാതാപിതാക്കളുടെ വിവാഹ മോചനത്തിന് ശേഷം അഞ്ച് വയസ്സ് മുതൽ നാസയിൽ എഞ്ചിനീയറായിരുന്ന മാതാവിന്റെ സംരക്ഷണയിലായിരുന്നു ശാന്തി വളർന്നത്. നോർവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർനാഷണൽ അഫയേഴ്സിൽ ബിരുദം നേടി. യൂണിവേഴ്സിറ്റി വാഷിങ്ടൺ കോളേജിൽ നിന്നും മാസ്റ്റർ ബിരുദവും കരസ്ഥമാക്കി.

ഇന്ത്യയിൽ സന്ദർശനം നടത്തിയ അമേരിക്കൻ നേവൽ ഷിപ്പിലെ ആദ്യ വനിതാ കമന്ററാണ് ശാന്തി.