ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ കാനഡയിലെത്തിക്കാന്‍ എയ്‌റോപ്ലാന്‍ ഫണ്ട് പദ്ധതി ആരംഭിച്ചു 

By: 600002 On: Apr 21, 2022, 6:54 AM

ഉക്രെയ്‌നില്‍ റഷ്യ അധിനിവേശം തുടരുമ്പോള്‍ യുദ്ധമുഖത്ത് നിന്നും പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി കാനഡ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഉക്രെയ്‌നില്‍ നിന്നും രക്ഷപ്പെട്ടെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് കാനഡയിലെത്താന്‍ ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതായി റിപ്പോര്‍ട്ട്. കാനഡയിലുള്ളവര്‍ക്ക് പണമായോ എയ്‌റോപ്ലെയ്ന്‍ പോയിന്റ്‌സായോ ഫണ്ടിലേക്ക് സംഭാവന ചെയ്യാം. ഉക്രേനിയക്കാരെ കാനഡയിലേക്ക് കൊണ്ടുവരുന്നതിനായി വിമാന ടിക്കറ്റിന്റെ തുകയ്ക്കായി ഈ ഫണ്ട് വിനിയോഗിക്കും. 

അര്‍ഹതപ്പെട്ട 10,000 ത്തോളം ഉക്രേനിയന്‍ കുടുംബങ്ങളെ കാനഡയിലേക്ക് കൊണ്ടുവരാനുള്ള വിമാനയാത്രയ്ക്കായി പണം സ്വരൂപിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ സീന്‍ ഫ്രേസര്‍ പറഞ്ഞു. ഇത് ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ച ടാര്‍ഗെറ്റ് ചെയ്ത ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെതിന് മുകളിലായിരിക്കും. 54,000 ത്തിലധികം ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ മൂന്ന് വര്‍ഷ കാലയളവിലേക്ക് കാനഡയിലെത്താന്‍ ഇതിനകം അര്‍ഹത നേടിയിട്ടുണ്ടെന്നാണ് സൂചന. 

ബുധനാഴ്ച മുതല്‍ പണം സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ തുക കാനഡയിലേക്ക് പുറപ്പെടാന്‍ നില്‍ക്കുന്ന ഉക്രേനിയക്കാരുടെ കയ്യില്‍ എങ്ങനെ ലഭ്യമാക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. 

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ മൈല്‍സ്4മൈഗ്രന്റ്‌സ് ആണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. യുദ്ധമുഖത്ത് നിന്നും രക്ഷപ്പെട്ട് മറ്റ് അഭയ സ്ഥാനങ്ങളില്‍ എത്താന്‍ സഹായിക്കുന്നതിനായി അര്‍ഹതപ്പെട്ട എന്നാല്‍ വിമാനക്കൂലി താങ്ങാന്‍ കഴിയാത്ത അഭയാര്‍ത്ഥികളെ സംഭാവന സ്വീകരിക്കുന്നതിലൂടെ സഹായിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ സംഭാവന നല്‍കിയ ഫണ്ടുകളോ എയ്‌റോപ്ലാന്‍ പോയിന്റുകളോ ഉപയോഗിച്ച് കാനഡയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്യാന്‍ ഉക്രേനിയക്കാരെ സംഘടന സഹായിക്കും.

എയര്‍ കാനഡ 100 മില്യണ്‍ എയറോപ്ലാന്‍ പോയിന്റുകള്‍ ഈ ശ്രമത്തിനായി സംഭാവന ചെയ്തിട്ടുണ്ട് (ഏകദേശം 2 മില്യണ്‍ ഡോളറിന് തുല്യമായ തുക). ഇത്തരത്തില്‍ മറ്റ് വിമാന കമ്പനികളും സംഘടനയുമായി സഹകരിക്കുന്നുണ്ട്. ഇതുവഴി 
ആളുകള്‍ക്ക് അവരുടെ എയര്‍ലൈന്‍ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിച്ച് ഉക്രേനിയക്കാര്‍ക്ക് പുതിയ സുരക്ഷിത താവളങ്ങളിലേക്കെത്താനുള്ള വിമാന ടിക്കറ്റിന് പണം നല്‍കാം. 

ഗ്രേറ്റര്‍ ടൊറന്റോയിലെ ജൂത ഫൗണ്ടേഷനും സംഭാവനകള്‍ ശേഖരിക്കും. അത്  ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യും. നേരത്തെ, ഉക്രേനിയന്‍ കനേഡിയന്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ആളുകളെ അവരുടെ യാത്രാ പോയിന്റുകള്‍ സംഭാവന ചെയ്യുക എന്ന ആശയം ഉയര്‍ത്തിയിരുന്നു. യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തുന്ന ആളുകളെ താല്‍ക്കാലികമായി രാജ്യത്തേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.