കെലോനയില്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന സ്വീകരിക്കുന്നുവെന്ന വ്യാജേന വീടുവീടാന്തരം കയറിയിറങ്ങി പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ഇത്തരത്തില്‍ ഒകനാഗന്‍ നഗരത്തില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ഏപ്രില്‍ 11 ന് ദെനാലി ഡ്രൈവിലേക്ക് 'എല്ല' എന്ന് സ്വയം വിശേഷിപ്പിച്ചൊരാള്‍ ക്യാന്‍സര്‍ ഫൗണ്ടേഷന് വേണ്ടി പണം സ്വരൂപിക്കുന്നുണ്ടെന്നും എല്ലാ റെസിഡന്റ്‌സിനോടും സംഭാവന നല്‍കുവാനും ആവശ്യപ്പെട്ടതായി പരാതിക്കാര്‍ പറയുന്നു. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന കിഴക്കന്‍ യൂറോപ്യന്‍ ഉച്ചാരണത്തില്‍ സംസാരിക്കുന്നൊരാളായിരുന്നു അതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പണം മാത്രമേ സംഭാവനയായി സ്വീകരിക്കുകയുള്ളൂവെന്ന് തട്ടിപ്പ് നടത്താനെത്തിയ വ്യക്തി പറഞ്ഞുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ആ സമയത്ത് അയാള്‍ നീല, മഞ്ഞ നിറത്തിലുള്ള ജാക്കറ്റും ജീന്‍സുമാണ് ധരിച്ചിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വീകരിക്കുന്ന പണം ഉപയോഗിച്ച് എന്താണ് അയാള്‍ ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നതിനെക്കുറിച്ചും ആളുകളില്‍ നിന്നും കൂടുതല്‍ പണം അയാള്‍ കവര്‍ന്നിട്ടുണ്ടോയെന്നും വ്യക്തമല്ലെന്ന് പോലീസ് വ്യക്തമാക്കി. വ്യക്തിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
സംഭാവന നല്‍കുന്നത് മുമ്പ് നിയമാനുസൃതമാണോ സംഘടനയെന്നും വ്യക്തിയെപ്പറ്റി കൂടുതല്‍ വിവരങ്ങളും അറിയണമെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പണം നല്‍കുന്നതിനു മുമ്പ് രണ്ടാമതൊന്ന് ആലോചിക്കുവാനും പോലീസ് നിര്‍ദ്ദേശിച്ചു.
ഇത്തരത്തില്‍ സംശയാസ്പദമായി വ്യക്തികളോ സംഘം ചേര്‍ന്നോ വീടുകളില്‍ എത്തിയാല്‍ ഉടന്‍ 250-762-3300 എന്ന നമ്പറില്‍ ആര്‍സിഎംപിയുമായി ബന്ധപ്പെടേണ്ടതാണെന്ന് പോലീസ് അറിയിക്കുന്നു.