കാനഡയിലെ വാർഷിക പണപ്പെരുപ്പം 6.7 ശതമാനത്തിലെത്തി 

By: 600007 On: Apr 20, 2022, 10:26 PM

മാർച്ചിൽ കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് 6.7  ശതമാനത്തിലെത്തിയതായി സ്റ്റാറ്റിറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ ഇത് 5.7 ശതമാനമായിരുന്നു. 31 വർഷത്തിനിടയിലെ ഉപഭോക്തൃ വില സൂചികയിലെ ഏറ്റവും ഉയർന്ന വാർഷിക വർദ്ധനവാണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.  

കാനഡയിലെ ഉയർന്ന റിയൽ എസ്റ്റേറ്റ് വിലകൾ, വിതരണ ശൃംഖല പരിമിതികൾ, എണ്ണയുടെയും ഭക്ഷണത്തിന്റെയും വിലയെ ബാധിച്ച ഉക്രെയ്‌നിലെ യുദ്ധം എന്നിവയെല്ലാം മൂലമാണ് പണപ്പെരുപ്പ നിരക്ക് ഉയരുവാൻ കാരണമായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ വിലയിരുത്തുന്നത്. കാനഡയിലെ പെട്രോൾ വില ഒരു വർഷം മുൻപുള്ള വിലയെ അപേക്ഷിച്ച് ഏകദേശം 39.8 ശതമാനമാണ് വർദ്ധിച്ചത്. ഗ്രോസറി ഉൽപന്നങ്ങളുടെ വില മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 8.7 ശതമാനം ആണ് ഉയർന്നിട്ടുള്ളത്. 

കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ ചെറുക്കുവാൻ ബാങ്ക് ഓഫ് കാനഡ കഴിഞ്ഞ ആഴ്ച പ്രധാന പലിശ നിരക്ക് അര ശതമാനം വർദ്ധിപ്പിച്ച് ഒരു ശതമാനമാക്കിയിരുന്നു.