വരിക്കാര്‍ കുത്തനെ കുറയുന്നു; നെറ്റ്ഫ്‌ളിക്‌സിന് 100 ദിവസത്തിനുള്ളില്‍ നഷ്ടമായത് രണ്ട് ലക്ഷം വരിക്കാരെ 

By: 600002 On: Apr 20, 2022, 11:43 AM

 

ലോകത്തിലെ പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സൈറ്റായ നെറ്റ്ഫ്‌ളിക്‌സിന് കഴിഞ്ഞ 100 ദിവസത്തിനിടെ രണ്ട് ലക്ഷം വരിക്കാരെ നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍. ഇത് കമ്പനിക്ക് വന്‍തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഒരു പതിറ്റാണ്ടിനിടയിലുള്ള ഏറ്റവും വലിയ ഇടിവാണിത്. റഷ്യ ഉക്രെയ്‌നില്‍ നട്ടിവരുന്ന അധിനിവേശമാണ് വരിക്കാരുടെ എണ്ണത്തില്‍ ഭീമമായ നഷ്ടം കമ്പനിക്കുണ്ടായതെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ വിശദീകരണം. 

ഉക്രെയിനില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യയിലെ സേവനം നെറ്റ്ഫ്ളിക്സ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും 20 ഓളം റഷ്യന്‍ ടി വി ഷോകളാണ് നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചത്. ഇത് വരിക്കാര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകാന്‍ കാരണമായതായി കമ്പനി പറയുന്നു. 

ഈ വര്‍ഷം ആദ്യപാദത്തില്‍ 221.6 ദശലക്ഷം വരിക്കാരാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തേക്കാള്‍ കുറവാണ്. 

സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ കഴിഞ്ഞ പാദത്തിലെ വരുമാനം 1.6 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.7 ബില്യണ്‍ ഡോളറാണ് വരുമാനം നേടിയത്. വരുമാന കണക്കുകള്‍ പുറത്തുവന്നതോടെ നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരികള്‍ 25 ശതമാനം ഇടിഞ്ഞ് 262 ഡോളറിലെത്തി. 

എല്ലാ വീടുകളിലും ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തതും സ്മാര്‍ട്ട് ടെലിവിഷനിലേക്ക് മാറാന്‍ സമയമെടുക്കുന്നതും വരിക്കാര്‍ അവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പാസ്‌വേഡ് പങ്കിടുന്നതും വരിക്കാരുടെ എണ്ണം കുറയാനും വളര്‍ച്ചയെ ബാധിക്കാനും കാരണമായതായി കമ്പനി പറയുന്നു.