കൗമാരക്കാരെ സ്‌നാപ്ചാറ്റില്‍ നഗ്നചിത്രങ്ങള്‍ അയക്കാന്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മിഷന്‍ ആര്‍സിഎംപി. ഫേസ്ബുക്ക് പേജിലെ പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ കൗമാരക്കാര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ ജാഗ്രതയോടെയിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
കൗമാരക്കാരായ കുട്ടികളെ സ്‌നാപ്ചാറ്റ് വഴി പരിചയപ്പെടുന്ന അജ്ഞാതര്‍ കബളിപ്പിച്ച് നഗ്നചിത്രങ്ങള്‍ അയക്കാനായി സമ്മര്‍ദ്ദം ചെലുത്തും. കുട്ടികള്‍ ഭയന്ന് ഇതിനു സമ്മതിക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തില്‍ നിരവധി പരാതികളാണ് ലഭിച്ചതെന്ന് പോലീസ് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
വ്യാജ പ്രൊഫൈലും വിദേശ ഐപി വിലാസവുമുള്ള വ്യക്തികളാണ് ഇതിനു പിന്നില്‍. ഇവര്‍ കുട്ടികളുമായി സ്‌നാപ്ചാറ്റില്‍ ചാറ്റ് ചെയ്ത് ചെറിയ കാലയളവിനുള്ളില്‍ ബന്ധം സ്ഥാപിച്ചെടുക്കുന്നു. ഇവര്‍ കുട്ടികളെ നഗ്ന ചിത്രങ്ങളെടുക്കാനും അയക്കാനും ആവശ്യപ്പെടുന്നു. ചിത്രങ്ങള്‍ മറ്റുള്ളവരെ കാണിക്കുമെന്ന് പറഞ്ഞ് പിന്നീട് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
സ്‌നാപ്ചാറ്റില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ മിഷന്‍ ആര്‍സിഎംപിയുമായി ബന്ധപ്പെടേണ്ടതാണെന്നും പോലീസ് അറിയിക്കുന്നു.