ബീസിയില്‍ ആമസോണിന്റെ ഡെലിവറി വാനിടിച്ച് ഇന്ത്യന്‍ വനിത മരിച്ച സംഭവത്തില്‍ രണ്ട് ലോജിസ്റ്റിക്‌സ് കമ്പനികള്‍ക്കും ആമസോണിനും എതിരെ കേസെടുക്കുന്നതായി റിപ്പോര്‍ട്ട്. വാഹനമിടിച്ച് മരിച്ച പരംജിത് മസൂദയുടെ ഭര്‍ത്താവും ഇരട്ട പെണ്‍മക്കളുമാണ് കമ്പനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
2020 ഡിസംബര്‍ 15 നാണ് കേസിനാസ്പ്ദമായ സംഭവം നടന്നത്. കുട്ടികളെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടയില്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്ത ഡെലിവറി വാഹനം നിയന്ത്രണം വിട്ട് ഇവര്‍ക്ക് നേരെ വന്നു. കുട്ടികളെ വാഹനത്തിനു മുന്നില്‍ നിന്നും രക്ഷപ്പെടുത്തി മാറ്റുന്നതിനിടയില്‍ പരംജിത് മസൂദയെ വാഹനമിടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സാരമായി പരുക്കേറ്റ പരംജിത് മരണത്തിന് കീഴടങ്ങി.
ഡെലിവറി വാനിന്റെ ഡ്രൈവര്‍, ഡാമി ലോജിസ്റ്റിക്‌സ് ലിമിറ്റഡ്, ആമസോണ്‍ കാനഡ ഫുള്‍ഫില്‍മെന്റ് സര്‍വീസസ് ഇന്‍കോര്‍പ്പറേഷന്‍, ഫോസ് നാഷണല്‍ ലീസിംഗ് ലിമിറ്റഡ് എന്നിവരെ പ്രതികളാക്കി ബീസി സുപ്രീംകോടതി സിവില്‍ ക്ലെയിം നോട്ടീസ് അയച്ചു.
ഡെലിവറി വാന്‍ സുരക്ഷിതമായോ നിയമപരമായോ പാര്‍ക്ക് ചെയ്തിട്ടില്ലെന്നാണ് പ്രധാന ആരോപണം എന്ന് പരംജിത് മസൂദിന്റെ കുടുംബത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ ഭ്രിജ് മോഹന്‍ പറയുന്നു. വാഹനത്തിന്റെ ബ്രേക്കിംഗ് സംവിധാനം ഉള്‍പ്പടെ മെക്കാനിക്കല്‍ കണ്ടീഷനും ചോദ്യം ചെയ്യുന്നുണ്ട്.
എന്നാല്‍ ഈ ആരോപണങ്ങളൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടില്ല. ആരോപണങ്ങളോട് പ്രതിപ്പട്ടികയിലുള്ള കമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന.