കാനഡയില്‍ ക്യുബെക്ക് ഒഴികെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ഊബര്‍ കാനഡ 

By: 600002 On: Apr 20, 2022, 8:02 AM

 

കാനഡയില്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കില്ലെന്ന് ഊബര്‍ കാനഡ. ഏപ്രില്‍ 22 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. തങ്ങളുടെ സേവനം ലഭ്യമാക്കുന്ന യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. 

പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് മാസ്‌ക് ആവശ്യമില്ലെന്ന നിര്‍ദേശം കൊണ്ടുവരുന്നത്. കാനഡയില്‍ ക്യൂബെക് ഒഴികെ ബാക്കി എല്ലാ പ്രവിശ്യകളിലും ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുമെന്ന് ഊബര്‍ കാനഡ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, ഊബര്‍ സേവനം ഷെയര്‍ ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കാന്‍ കമ്പനി പ്രോത്സാഹിപ്പിക്കുന്നു. 

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ മാസ്‌ക് മാന്‍ഡേറ്റ് ക്യുബെക്ക് നീട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഈ നയം പ്രവിശ്യയ്ക്ക് ബാധകമല്ല. 

ഡ്രൈവര്‍മാര്‍ക്ക് അവരുടെ യാത്രികര്‍ക്ക് മാസ്‌ക് ധരിക്കാന്‍ ഇപ്പോഴും ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. കൂടാതെ റൈഡര്‍ അത് നിരസിച്ചാല്‍ സുരക്ഷാ കാരണങ്ങളാല്‍ യാത്ര റദ്ദ് ചെയ്യാനും സാധിക്കും. 

ഡ്രൈവര്‍ മാസ്‌ക് ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ റൈഡര്‍മാര്‍ക്ക് അവരുടെ ഡ്രൈവര്‍ക്ക് ആപ്പ് വഴി മുന്‍കൂട്ടി സന്ദേശം നല്‍കാമെന്നും ഊബറിന്റെ സാധാരണ റദ്ദാക്കല്‍ നയത്തിന് അനുസൃതമായി യാത്ര റദ്ദാക്കാനുള്ള അവകാശം എപ്പോഴും ഉണ്ടെന്നും ഊബര്‍ കാനഡ അറിയിച്ചു.