കാനഡയില്‍ നാലില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായി സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Apr 20, 2022, 6:26 AM

കാനഡയില്‍ കോവിഡ് ആറാം തരംഗം പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തുള്ളവരില്‍ നാലില്‍ ഒരാള്‍ക്ക് കോവിഡ്-19 ബാധിച്ചതായി സര്‍വേ റിപ്പോര്‍ട്ട്.  

ലെഗറും അസോസിയേഷന്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസും പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് കോവിഡ് ബാധ സംബന്ധിച്ച് ഏകദേശം രൂപം നല്‍കുന്നത്. തങ്ങള്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണെന്ന് ലെഗര്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ബോര്‍ക്ക് പറയുന്നു. 

ഏപ്രില്‍ 8 മുതല്‍ 10 വരെ 1,538 ആളുകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഇന്റര്‍നെറ്റ് അധിഷ്ഠിത വോട്ടെടുപ്പുകള്‍ റാന്‍ഡം സാംപിളുകളായി കണക്കാക്കാനാവില്ല. 18 നും 34 നും ഇടയില്‍ പ്രായമുള്ളവരില്‍ 30 ശതമാനം പേര്‍ തങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി സര്‍വേയില്‍ വ്യക്തമാക്കി. അതേസമയം, 55 വയസ്സും അതില്‍ കൂടുതലുമുള്ളവരില്‍ 12 ശതമാനം പേര്‍ക്ക് കോവിഡ് ബാധിച്ചു. 

കോവിഡ് വാക്‌സിനേഷന്‍ എടുക്കാത്തവരില്‍ 38 ശതമാനം പേര്‍ കോവിഡ് ബാധിതരായി. വാക്‌സിന്‍ എടുത്തവരില്‍ 20 ശതമാനം പേര്‍ക്കാണ് കേവിഡ് രോഗം ബാധിച്ചത്. അഞ്ചില്‍ മൂന്ന് പേര്‍ നേരിയ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും 14 ശതമാനെ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കഠിനമായിരുന്നുവെന്നും പറഞ്ഞു. 

വൈറസ് ബാധിക്കുന്നതില്‍ 44 ശതമാനം പേര്‍ക്ക് ഭയമുണ്ടെന്ന് പറഞ്ഞപ്പോള്‍ 45 ശതമാനം പേര്‍ ഭയമില്ലെന്ന് വ്യക്തമാക്കി. 

മാര്‍ച്ച് മാസത്തില്‍ വടക്കേ അമേരിക്കയില്‍ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ നാലിലൊന്നും കാനഡയിലുള്ളവരായിരുന്നു.