2020-ൽ ആൽബെർട്ടയിലെ ഇൻഷുറൻസ് കമ്പനികളുടെ ലാഭം ഒരു ബില്യൺ ഡോളറിലധികം 

By: 600007 On: Apr 20, 2022, 6:04 AM

ആല്‍ബെര്‍ട്ടയില്‍ ഇന്‍ഷുറന്‍സ് മേഖലയുടെ ലാഭത്തെക്കുറിച്ച് സർക്കാർ പുറത്തു വിട്ട പുതിയ ഡാറ്റ പ്രകാരം , 2020ല്‍ ആൽബെർട്ടയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലാഭം 1.3 ബില്യണ്‍ ഡോളറാണെന്ന് സൂചിപ്പിക്കുന്നു . 2019 ലെ കണക്കുളെക്കാൾ 150 മില്യണ്‍ ഡോളറിലധികം കൂടുതലാണെന്നും ഗവണ്മെന്റിന്റെ ഇൻഷുറൻസ് നയം മൂലമാണ് ഇത്രയും ലാഭം ഇൻഷുറൻസ് കമ്പനികൾക്ക് ഉണ്ടാക്കാനായതെന്ന് ആല്‍ബര്‍ട്ട എന്‍ഡിപി പറയുന്നു.  

പാന്‍ഡെമിക് കാരണം ആല്‍ബെര്‍ട്ടയിലെ ആളുകള്‍ വീടുകളില്‍ കഴിയുമ്പോഴും കുടുങ്ങിക്കിടക്കുമ്പോഴും എവിടെയും വാഹനമോടിക്കാതെയിരിക്കുമ്പോഴും ഇൻഷുറൻസ് കമ്പനികൾക്ക് ഇത്രയും ലാഭം ഉണ്ടാക്കാനായത് ഗവൺമെന്റ് പ്രീമിയങ്ങളുടെ പരിധി എടുത്തുകളഞ്ഞതു മൂലമാണ് എന്ന് എന്‍ഡിപിയുടെ പ്രതിനിധി കാത്ലീന്‍ ഗാന്‍ലി മാധ്യമങ്ങളോട് പറഞ്ഞു

ആൽബെർട്ടയിൽ താമസിക്കുന്നവർക്ക് എല്ലാ തരത്തിലുള്ള ഇൻഷുറൻസ് ഓപ്‌ഷനുകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019-ൽ, ആൽബർട്ടയിലെ ഇൻഷുറൻസ് പ്രീമിയങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പരിധി ഗവൺമെന്റ് നീക്കം ചെയ്തിരുന്നു. 

ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡയുടെ കണക്കനുസരിച്ച്, കാനഡയിലെ ഏറ്റവും ഉയര്‍ന്ന വാഹന ഇന്‍ഷുറന്‍സ് നിരക്കുകളില്‍ മൂന്നാം സ്ഥാനത്താണ് ആല്‍ബര്‍ട്ട. ഒന്റാരിയോയും ബിസിയുമാണ് ആല്‍ബെര്‍ട്ടയ്ക്ക് മുന്നിലുള്ളത്.