ക്യൂബെക്കിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, പ്രാദേശികമായുള്ള റൗണ്ട് ട്രിപ്പ് വിമാന ടിക്കറ്റുകളുടെ വില 500 ഡോളർ ആയി പരിമിതപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി പ്രഖ്യാപിച്ച് ഗവണ്മെന്റ്. ക്യൂബെക്ക് ഗതാഗത മന്ത്രി ഫ്രാൻസ്വാ ബോണാർഡൽ ചൊവ്വാഴ്ച മോണ്ട്-ജോളി വിമാനത്താവളത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ജൂൺ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുന്നത്.
യാത്രയ്‌ക്ക് കണക്ഷൻ ആവശ്യമുള്ള സന്ദർഭങ്ങളിലും പരമാവധി 500 ഡോളർ മാത്രമേ മൊത്തം യാത്രയ്‌ക്ക് വേണ്ടി കൊടുക്കേണ്ടതുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. ഇളവുകൾ ക്യൂബെക്കുകാർക്കും വിനോദസഞ്ചാരികൾക്കും ലഭ്യമാണ്. യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങുമ്പോൾ തന്നെ കിഴിവുകൾ ലഭ്യമാകും. വിമാനക്കമ്പനികൾ കിഴിവുകൾ നൽകുന്ന പണം സർക്കാരിൽ നിന്ന് പിന്നീട് ക്ലെയിം ചെയ്യുവാനാകും.
പുതിയ പദ്ധതിക്കായി 261 മില്യൺ ഡോളറാണ് ഗവണ്മെന്റ് നീക്കിവെയ്ക്കുന്നത്. മതിയായ സേവനം ഉറപ്പാക്കാൻ എയർ കാരിയറുകളുമായി ചർച്ച നടത്തുമെന്ന് ബോണാർഡൽ പറഞ്ഞു.