തീവ്രവാദപ്രവര്‍ത്തനത്തിന് ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കപ്പെടും: നിര്‍മല സീതാരാമന്‍

By: 600002 On: Apr 19, 2022, 11:06 AM

 

ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്നത് മൂലമുള്ള അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനും ഉപയോഗിക്കപ്പെടും എന്നതാണ് ക്രിപ്‌റ്റോകറന്‍സി കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട അപകടമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധിയുടെ(ഐഎംഎഫ്) വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്കെതിരെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിയന്ത്രണം മാത്രമാണ് ഇതിനൊരു പ്രതിവിധിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എല്ലാ രാജ്യങ്ങളും ക്രിപ്‌റ്റോകറന്‍സിയുടെ ഉപയോഗം മൂലമുള്ള ഭവിഷ്യത്ത് അഭിമുഖീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപനത്തിനായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും അതിന്റെ നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു.